ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. യുദ്ധത്തിലേയ്ക്കു വരെ വഴിതെളിച്ച വിഷയത്തില്‍, ഒടുവിലത്തേതായിരുന്നു നാലര വര്‍ഷം മുന്‍പ് ഗാല്‍വന്‍ താഴ്വരയില് ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയ സംഭവം. ഭാരതത്തിന്റെ 20 ജവാന്മാര് വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്തു നിരവധി പേര് കൊല്ലപ്പെട്ടു എന്നാണ് കണക്ക്. വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. ഈ പ്രശ്നത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. രക്തം മരവിപ്പിക്കുന്ന തണുപ്പില്‍ ഇരു ഭാഗത്തും 50,000 വരുന്ന സൈനികര്‍ പൂര്‍ണ്ണസജ്ജരായി മുഖാമുഖം നില്‍ക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഭാരതവുമായി ഒത്തുതീര്‍പ്പിന് ഇപ്പോള്‍ ചൈന തയ്യാറായിരിക്കുകയാണ്. ഒരു വിട്ടു വീഴ്ചയുമില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാടിനു മുന്നില്‍ ചൈന അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് അര്‍ഥം. അതിര്‍ത്തിയില്‍ തര്‍ക്കം ബാക്കി നിന്ന ഡെംചോക്ക്, ഡെപ്സാങ് സമതലം എന്നിവിടങ്ങളില്‍ പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനം നയതന്ത്രരംഗത്തെ ഭാ്രതത്തിന്റെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ്. 2020നു മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഇരു രാജ്യങ്ങളിലെയും സൈനികര്‍ മടങ്ങിപ്പോകും. അതിര്‍ത്തികളില്‍ നിന്നു പരസ്പരം സൈന്യത്തെ പിന്‍വലിക്കുന്നതിനും പിന്നീട് പൂര്‍ണമായ അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിനും ഇതു വഴിവക്കും.
അതിര്‍ത്തി പ്രശ്നത്തില്‍ ചൈനയെ വളഞ്ഞിട്ടു പിടിക്കുന്നതില്‍ നാം വിജയിച്ചു എന്നതിന്റെ സൂചന കൂടിയാണ് ചൈനയുടെ പിന്മാറ്റം. ഇരുരാജ്യങ്ങളും തമ്മില്‍ 21 വട്ടം സൈനികതല ചര്‍ച്ചകളും 17 വട്ടം നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ധാരണയിലെത്തിയത്. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങളും രാഷ്ട്രീയമായ ഇച്ഛാശക്തിയും കാണിച്ചു. കഴിഞ്ഞ ജൂലൈയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ എസ്.സി.ഒ സമ്മേളനത്തിനിടയ്ക്കു വച്ചും പിന്നീട് ലാവോസില്‍ വച്ചും കണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസം റഷ്യയില്‍ വച്ചും വാങ് യീയെ കണ്ടു സംസാരിച്ചു. ചൈനയില്‍ നിന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തെ ധനമന്ത്രി നിര്‍മല സീതാരാമന് പിന്തുണച്ചു. ഇതെല്ലാം പരിഹാരത്തിനുള്ള പടികളായിരുന്നു.
വ്യാപാര മാന്ദ്യവും കടുത്ത തൊഴിലില്ലായ്മയും നേരിടുന്ന ചൈനയ്ക്ക് അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിനേക്കാള്‍ പ്രധാനം ഭാരതവുമായുള്ള വ്യാപാരം തന്നെയാണ്. ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി നാമാണ്. രണ്ടാമതാണ് അമേരിക്ക. അതിര്‍ത്തി പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ വ്യാപാര ചര്‍ച്ച പുനരാരംഭിക്കുകയുള്ളൂ എന്ന ഭാരതത്തിന്റെ ഇളക്കമില്ലാത്ത നിലപാടിനുമുന്നില്‍ അടിയറവ് പറയുകയല്ലാതെ ചൈനയ്ക്ക് രക്ഷയില്ലാതായി. വളരെ ക്ഷമാപൂര്‍വ്വം സ്ഥിരോത്സാഹത്തോടെ നടത്തിയ നയതന്ത്രത്തിലൂടെയാണ് ഇതു സാധിച്ചത്. നിയന്ത്രണ രേഖയ്ക്കടുത്ത് ഭാരതം അതിവേഗം റോഡും പാലവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തത് സ്വാഭാവികമായും ചൈനയെ ആശങ്കപ്പെടുത്തി. അന്താരാഷ്ട്രവേദികളില്‍ ചൈനീസ് നിലപാടുകളെ തുറന്നു കാട്ടാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയശങ്കറും ശ്രമിച്ചതും വിജയിച്ചതും, ഭാരതവുമായി സൗഹാര്‍ദ്ദമാണ് നല്ലത് എന്ന ബോധ്യത്തിലെത്താന്‍ ചൈനയെ പ്രേരിപ്പിച്ചു.
ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ വിശ്വസിച്ചുകൂടാ എന്നതാണ് അനുഭവ പാഠം. ഭായി ഭായി മുദ്രാവാക്യം മുഴങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന 1962 ലെ ചൈനീസ് ആക്രമണം മറക്കാനാവില്ല. അതുകൊണ്ടുതന്നെ കരുതല്‍ അത്യാവശ്യവുമാണ്. എങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: