തിരുവനന്തപുരം: സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്സില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. കേരളത്തിനായി പവന് കുമാര്‍ കാഴ്ച്ചവച്ച അഞ്ച് വിക്കറ്റ് പ്രകടനമാണ് വമ്പന്‍ ലീഡിലേക്ക് വഴിതെളിച്ചത്. ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ എറിഞ്ഞിടുന്നതില്‍ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു പവന് കുമാര്‍. മൂന്ന്മുന്‍നിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട പവന്‍കുമാര്‍ വാലറ്റത്തെയും എറിഞ്ഞിട്ടു. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോമും, കിരണ്‍ സാഗറും രണ്ട് വിക്കറ്റ് വീതവും അഹമ്മദ് ഇമ്രാന് ഒരു വിക്കറ്റും വീഴ്ത്തി.
മധ്യനിരയുടെ ചെറുത്തുനില്‍പ്പിന്റെ ബലത്തിലാണ് ഉത്തരാഖണ്ഡ് ഇന്നിങ്സ് 321 വരെ നീണ്ടത്. ശാശ്വത് ദാംഗ്വാള്‍(60), റോഹി(58), ആരുഷ്(80) എന്നിവര്‍ മികവുകാട്ടിയെങ്കിലും പോരാട്ട വീര്യം കൊണ്ട് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചില്ല. വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്സിലും തുടക്കത്തില്‍ തകര്‍ച്ച നേരിട്ടു. മൂന്ന് വിക്കറ്റുമായി ഏദന്‍ ആപ്പിള്‍ ടോം ആണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഉത്തരാഖണ്ഡ് മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു.
മഴയെ തുടര്‍ന്ന് പകുതിയിലേറെ കളിയും നഷ്ടപ്പെട്ട മത്സരത്തില്‍ ലീഡ് നേടി വിലപ്പെട്ട പോയിന്റ് സ്വന്തമാക്കാനായത് കേരളത്തെ സംബന്ധിച്ച് നേട്ടമായി. നാല് ദിവസങ്ങളിലായി ആകെ 200 ഓവറില്‍ താഴെ മാത്രമാണ് എറിയാനായത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം മഴയെ അതിജീവിച്ചു ഉജ്ജ്വല പ്രകടനം കാഴ്ച്ചവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: