ന്യൂഡൽഹി: ലോകത്ത് അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുകയാണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക് ഏഴുശതമാനമാണെന്ന് ഐ.എം.എഫ് ഏഷ്യ -പസിഫിക് വിഭാഗം ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.
“തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നിട്ടും, ധനപരമായ ഏകീകരണം ട്രാക്കിൽ തുടരുകയാണ്. കരുതൽ നില ഉറച്ചതാണ്. പൊതുവായി പറഞ്ഞാൽ, ഇന്ത്യയുടെ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങൾ ശക്തമാണ്.” തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പരിഷ്‌കരണ മുൻഗണനകൾ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തൊഴിൽ, വ്യാപാരമേഖലയിലെ തടസ്സങ്ങൾ, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ രാജ്യം കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്. 2019-20 കാലഘട്ടത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ നടപ്പിൽവരുത്തി പുതിയ തൊഴിലുകൾ സൃഷ്ടിക്കാനാവണം. ഈ മാനദണ്ഡങ്ങൾ തൊഴിൽദാതാക്കൾക്ക് ആയാസം നൽകുന്നതിനൊപ്പം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതാണ്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തൽ, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ എന്നിവ രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണെന്നും ശ്രീനിവാസൻ പറഞ്ഞു.
തൊഴിൽ പങ്കാളിത്തവും തൊഴിൽ-ജനസംഖ്യ അനുപാതവും വർധിക്കുന്നതിനാൽ തൊഴിലില്ലായ്‌മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. ഉദാഹരണത്തിന്, തൊഴിൽ വിപണി പങ്കാളിത്തം ഇപ്പോൾ 56.4 ശതമാനമാണ്, അതേസമയം തൊഴിൽ-ജനസംഖ്യ അനുപാതം ഏകദേശം 53.7 ശതമാനമാണ്, ഇവ രണ്ടും 1940-കൾ മുതൽ ഉയർന്ന പ്രവണതയിലാണ്. ഈ പ്രവണതകൾ മുമ്പും നിലനിന്നിരുന്നുവെങ്കിലും സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കിടയിലാണ് ഈ വളർച്ചയുടെ ഭൂരിഭാഗവും കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: