കസാൻ (റഷ്യ): ഭീകരവാദത്തെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും നേരിടാൻ ശക്തമായ സഹകരണം വേണമെന്ന് ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും 16-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സമാപന പ്ലീനറി സമ്മേളനത്തില്‍ മോദി പറഞ്ഞു.
ഭീകരവാദത്തെയും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനെയും പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി എല്ലാവരുടെയും ഉറച്ച പിന്തുണ ആവശ്യമാണ്. ഗുരുതരമായ ഈ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത് തടയാൻ നാം സജീവമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ആഗോള തീവ്രവാദവുമായി സംബന്ധിച്ച് യുഎന്നിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഷയങ്ങളില്‍ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. അതുപോലെ തന്നെ സൈബർ സുരക്ഷയ്ക്കും സുരക്ഷിതവായ AI യ്ക്ക് വേണ്ടിയും ആഗോള തലത്തില്‍ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ബ്രിക്സ് രാജ്യങ്ങളോട് മോദി പറഞ്ഞു.
My remarks during the BRICS Summit in Kazan, Russia. https://t.co/TvPNL0HHd0
— Narendra Modi (@narendramodi) October 23, 2024
ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഭീകരവാദത്തിന് എതിരെയുള്ള മോദിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ടി ഭീകരൻ സാജിദ് മിറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം കഴിഞ്ഞ വർഷം ജൂണിൽ ചൈന തടഞ്ഞിരുന്നു. ഇതുകണക്കിലെടുത്താണ് ആഗോള ഭീകരതയ്ക്കെതിരെ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്.
യുഎൻ സെക്യൂരിറ്റി കൗൺസിൽ പോലുള്ള ആഗോള സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങി നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള പ്രശ്നങ്ങളിലും വിഷയങ്ങളിലും ബ്രിക്സ് രാജ്യങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
നോർത്ത് സൗത്ത് വിഭജനത്തെയും കിഴക്ക് പടിഞ്ഞാറൻ വിഭജനത്തെയും കുറിച്ച് ലോകം സംസാരിക്കുന്നു. പണപ്പെരുപ്പം തടയുക, ഭക്ഷ്യസുരക്ഷ, ഊർജ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുൻഗണന നൽകുന്ന വിഷയങ്ങളാണ്.
സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, സൈബർ ഡീപ്ഫേക്ക്, തെറ്റായ വിവരങ്ങൾ എന്നിങ്ങനെയുള്ള പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. അത്തരമൊരു സമയത്ത്, ബ്രിക്സിനെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. എല്ലാ മേഖലകളിലും ബ്രിക്സിന് നല്ല പങ്ക് വഹിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: