കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയായ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ ഫോണില്‍ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയിലുളളത്. മറ്റ് ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്, യോഗത്തിന് മുമ്പ് അവര്‍ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നല്കിയ മൊഴിയിലാണ് ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്.
നവീന്‍ ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിലാണെന്നാണ് മൊഴി. പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: