ന്യൂഡല്‍ഹി: ആമിർ ഖാൻ നായകനായ ‘ദംഗൽ’ സിനിമയുടെ ടീമിനെതിരെ ഗുസ്‌തി താരം ബബിത ഫോഗട്ട് രംഗത്ത്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ ഇറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം 2000 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫിസിൽനിന്ന് വാരിക്കൂട്ടിയത്. ഗുസ്‌തി പരിശീലകനായ മഹാവീർ സിങ്ങിന്‍റേയും മക്കളുടെയും കഥയാണ് ‘ദംഗൽ’. ചിത്രത്തിൽനിന്ന് തങ്ങളുടെ കുടുംബത്തിന് ഒരു കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് മഹാവീറിന്റെ മകളുമായ ബബിത ഫോഗട്ട് വെളിപ്പെടുത്തുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. ദംഗൽ നിർമാതാക്കളിൽനിന്ന് നിങ്ങൾക്ക് ലഭിച്ചത് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ ഏകദേശം ഒരു കോടിയാണ് ലഭിച്ചതെന്നുമാണ് ബബിത പറഞ്ഞത്.
“ചണ്ഡീഗഡിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ഒരു ലേഖനം എഴുതി. വാർത്ത വായിച്ച ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയുടെ ടീം 2010ൽ ഞങ്ങളെ സമീപിക്കുകയും ഒരു ഡോക്യുമെന്‍ററി തയ്യാറാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്‌തു. പിന്നാലെ സ്‌ക്രിപ്‌റ്റ് ചെയ്‌തശേഷം ഞങ്ങൾ വളരെ വൈകാരികമായി സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ദംഗലിന്റെ വിജയത്തിന് ശേഷം അച്ഛൻ ആമിർ ഖാന്റെ ടീമിനെ സമീപിച്ചതായി ബബിത പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിൽ അക്കാദമി നിർമിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതൊന്നും അവർ ശ്രദ്ധിച്ചില്ല. അക്കാദമി ഒരിക്കലും യാഥാർഥ്യമായതുമില്ലായെന്ന് ബബിത പറഞ്ഞു.
യു.ടി.വി മോഷൻ പിക്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ‘ദംഗൽ’ ചിത്രം നിർമിച്ചത്. മഹാവീർ സിങ്ങായി ആമിർ ഖാൻ എത്തിയപ്പോൾ ഗീത ഫോഗട്ടിന്റെ വേഷത്തിൽ ഫാത്തിമ സന ഷെയ്ഖ്, സെയ്റ വസീം എന്നിവരും ബബിത ഫോഗട്ടായി സന്യ മൽഹോത്ര, സുഹാനി ഭട്നഗർ എന്നിവരുമാണ് അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: