ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഓസ്‌ട്രേലിയൻ അന്താരാഷ്‌ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മുഖ്യപ്രഭാഷണം നടത്തി. ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ എംപിയുമായി പ്രധാൻ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി. ഇന്ത്യൻ പ്രതിനിധി സംഘാംഗങ്ങൾ, ഇരു രാജ്യങ്ങളിലെയും സർവകലാശാലാ മേധാവികൾ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തെ പ്രശംസിച്ചു സംസാരിച്ച ധർമ്മേന്ദ്ര പ്രദാൻ ഇരു രാജ്യങ്ങളുടെയും ചരിത്രത്തെ കൂട്ടിയിണക്കുന്നതും ശോഭനമായ ഭാവിക്ക് കൂട്ടായി വഴിയൊരുക്കുകയും ചെയ്യുന്നതാണ് ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തമെന്ന് അഭിപ്രായപ്പെട്ടു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിന്റെയും ദർശനാത്മകമായ നേതൃത്വത്തിൽ ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാം വ്യാവസായിക വിപ്ലവത്തിൽ, സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളും അധിപന്മാരുമാകാന്‍ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിലൂടെ പ്രാപ്തരാക്കണമെന്നും ശ്രീ പ്രധാൻ എടുത്തുപറഞ്ഞു. ഉയർന്നുവരുന്ന തൊഴിൽ വിപണികളുമായി പൊരുത്തപ്പെടാൻ, ഡിജിറ്റൽ സാക്ഷരത, മൃദു നൈപുണ്യങ്ങൾ , വിമർശനാത്മക ചിന്തകൾ, ഇൻ്റർ ഡിസിപ്ലിനറി പഠനങ്ങൾ എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്ന സമ്പ്രദായം ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം പ്രദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ മേഖലയിലെ സഹകരണമാണെന്ന് കേന്ദ്ര മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) വിവരിച്ചിട്ടുള്ളതു പോലെ നൈപുണ്യ അധിഷ്‌ഠിത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നൈപുണ്യം അടിസ്ഥാനമാക്കിയുള്ള സമ്പ്രദായത്തിലേക്ക് ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആഗോള വെല്ലുവിളികളെ നേരിടാനായി ഇരു രാജ്യങ്ങൾക്കും കൂട്ടായ്‌മയിലൂടെ വിജ്ഞാനം വർദ്ധിപ്പിക്കാനും പുരോഗമന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും വിദ്യാർത്ഥികൾക്ക് നൂതന ആവിഷ്കാരത്തിനും സംരംഭകത്വത്തിനും അനന്തമായ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ്, പ്രധാൻ 2024 ഒക്‌ടോബർ 22 മുതൽ 26 വരെ ഓസ്‌ട്രേലിയ സന്ദർശിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സഹകരണം, പങ്കാളിത്തം, പരസ്പര താൽപ്പര്യമുള്ള നിർണായക മേഖലകളിൽ സമന്വയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി ഈ ആഴ്ച ആദ്യം ഒക്‌ടോബർ 20 മുതൽ 21 വരെ പ്രധാൻ സിംഗപ്പൂർ സന്ദർശിക്കുകയും സിംഗപ്പൂർ പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റ് പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: