മുംബൈ: സിമന്റ് രംഗത്ത് ആദിത്യ മംഗലം ബിര്‍ളയ്ക്ക് വീണ്ടും വെല്ലുവിളി ഉയര്‍ത്തി ഗൗതം അദാനി. ഇപ്പോഴിതാ സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഓറിയന്റ് സമിന്റിനെ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് അദാനി. ഇന്ത്യയില്‍ സിമന്റ് ഉല്പാദനരംഗത്ത് ഒന്നാം സ്ഥാനം എത്തിപ്പിടിയ്ക്കാന്‍ തന്നെയുള്ള വാശിയിലാണ് അദാനി.
അദാനിയുടെ സിമന്റ് കമ്പനികളില്‍ ഒന്നായ അംബുജ സിമന്റ് വഴിയായിരിക്കും അദാനി ഓറിയന്റ് സിമന്റിനെ വിലക്കെടുക്കുക. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ അംബുജ സിമന്റ് ഒപ്പുവെച്ചുകഴിഞ്ഞു. ഈ ഏറ്റെടുക്കലിലൂടെ പുതുതായി 16.6 മെട്രിക് ടണ്‍ സിമന്റ് ഉല്പാദന ശേഷി കൂടി അദാനിയ്ക്ക് അധികമായി ലഭിയ്ക്കും. ഏറ്റെടുക്കലിനായി പുറത്ത് നിന്നും വായ്പ എടുക്കില്ല. ആഭ്യന്തര സാമ്പത്തിക ശേഷി ഉപയോഗിച്ചായിരിക്കും ഏറ്റെടുക്കല്‍ നടത്തുക.
2028ഓടെ സിമന്റിന്റെ വാര്‍ഷിക ഉല്പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. ഇതിനായി അദാനി പുതിയ സിമന്റ് കമ്പനികളെ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെന്ന സിമന്റ് കമ്പനിയെ 10440 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങി. ഇതിനും മുന്‍പാണ് സൗരാഷ്ട്രയിലെ സംഘി ഇന്‍ഡസ്ട്രീസിനെ 5185 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. സംഘിയേയും പെന്നയെയും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്റ്സ്. അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉല്പാദന ശേഷി ഇപ്പോള്‍ 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്പാദന ശേഷി ഉയര്‍ന്നു. അപ്പോഴും ബിര്‍ളയുടെ അള്‍ട്രാടെകിനേക്കാള്‍ 3.5 കോടി മെട്രിക് ടണ്‍ ശേഷി കുറവാണ് അദാനിയ്ക്ക്.
അള്ട്രാടെകിലൂടെ അദാനിയെ വെട്ടിയ്ക്കാന്‍ ബിര്‍ള
14 കോടി മെട്രിക് ടണ്‍ ആണ് അള്‍ട്രാടെകിന്റെ വാര്‍ഷിക ഉല്പാദന ശേഷി.2028ഓടെ വാര്‍ഷിക ഉല്പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ സിമന്റ് കമ്പനികളെ ഏറ്റെടുത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് ഇന്ത്യയിലെ എത്രയോ വര്‍ഷം പഴക്കമുള്ള ബിര്‍ള ഗ്രൂപ്പിന്റെ മേധാവി ആദിത്യ കുമാരമംഗലം ബിര്‍ള ലക്ഷ്യമിടുന്നത്. സിമന്റ് നിര്‍മ്മാണ രംഗത്ത് അദാനിയെ തോല്പിക്കുക എന്ന വാശികൂടി കുമാരമംഗലം ബിര്‍ളയ്ക്കുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ ഇന്ത്യാ സിമന്റ്സ് കമ്പനിയുടെ 23 ശതമാനം ഓഹരിയാണ് കുമാരമംഗലം ബിര്‍ള വാങ്ങിയത്. 276 രൂപ വിലയുള്ള 7.06 കോടി ഓഹരിയാണ് വിലയ്ക്ക് വാങ്ങിയത്. ഏകദേശം 1932 കോടി ചെലവ് ചെയ്താണ് ഇത്രയും ഓഹരികള്‍ വിലയ്ക്ക് വാങ്ങിയത്. ഇനി കുമാരമംഗലം ബിര്‍ള കണ്ണുവെച്ചിരിക്കുന്നത് യുഎഇയിലെ റാക് (റാസല്‍ഖൈമ സിമന്റ് കമ്പനി) സിമന്റിനെയാണ്. ഇതിന്റെ 12 കോടി ഓഹരികള്‍ (ഏകദേശം കമ്പനിയുടെ 25 ശതമാനം) വിലയ്ക്ക് വാങ്ങാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അള്‍ട്രാടെക് സിമന്റിന്റെ മിഡില്‍ ഈസ്റ്റ് യൂണിറ്റിനാണ് ഏറ്റെടുക്കലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: