മുംബൈ : മഹായുതി സഖ്യത്തിന്റെ ഭാഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അജിത് പവാർ വിഭാഗം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 38 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ആറ് പുതുമുഖങ്ങളും 32 നിലവിലെ എംഎൽഎമാരും പട്ടികയിലുണ്ട്.
അർജുനി മോർഗാവ്, ഇഗത്പുരി, അമരാവതി സിറ്റി, നവപൂർ, പത്രി, മുംബ്ര-കൽവ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 32 സിറ്റിങ് എംഎൽഎമാരിൽ ഒമ്പത് മന്ത്രിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും നാല് വനിതാ സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ബാരാമതി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും.
പട്ടിക പ്രസിദ്ധീകരിച്ച ചടങ്ങിൽ ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, ദേശീയ വർക്കിങ് പ്രസിഡൻ്റ് എംപി പ്രഫുൽ പട്ടേൽ, സംസ്ഥാന ജനറൽ സെക്രട്ടറി എംഎൽഎ ശിവാജിറാവു ഗാർജെ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സഞ്ജയ് ഖോഡ്കെ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രമോദ് ഹിന്ദുറാവു, സംസ്ഥാന വക്താവ് സഞ്ജയ് തത്കരെ, യൂത്ത് സംസ്ഥാന പ്രസിഡൻ്റ് സൂരജ് ചവാൻ എന്നിവർ പങ്കെടുത്തു.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. നവംബർ 23 ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: