തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്റര്‍(ആര്‍സിസി)ഡയറക്ടര്‍ നിയമനത്തില്‍ ഗുരുതര ക്രമക്കേടുകള്‍. ഡോ.രേഖ എ. നായരെ ഡയറക്ടറാക്കിയത് ചട്ടം ലംഘിച്ച്. ഇതിനായി അസിസ്റ്റന്റ് പ്രൊഫസറെ പ്രത്യേക ഉത്തരവിലൂടെ പ്രൊഫസറാക്കി. ഡയറക്ടര്‍ പദവി ഒഴിയുന്നവരെമാത്രം പ്രൊഫസര്‍ പദവിയെന്ന് വിചിത്ര ഉത്തരവ് ഇറക്കിയത് ആരോഗ്യവകുപ്പ്.
ചട്ടം അനുസരിച്ച് ആര്‍സിസി ഡയറക്ടര്‍ ആയി സെര്‍ച്ച് കമ്മറ്റി തെരഞ്ഞെടുക്കേണ്ടത് പ്രൊഫസര്‍ തസ്തികയിലുള്ള ആളെയാണ്. എന്നാല്‍ നിലവിലെ ഡയറക്ടര്‍ രേഖ എ.നായരെ നിയമിച്ചത് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയും. 2018 ഒക്ടോബര്‍ 15 ന് രേഖ എ.നായരെ ഡയറക്ടറായി നിയമിക്കുമ്പോള്‍ അവര്‍ പാത്തോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാത്രമാണ്. എന്നാല്‍ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രേഖ എ.നായരെ ശിപാര്‍ശ ചെയ്തു. അതിനായി ഡയറക്ടറുടെ യോഗ്യതകളില്‍ മാറ്റം വരുത്തി. പ്രൊഫസര്‍ എന്നത് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നാക്കിയശേഷമായിരുന്നു നിയമനം. എന്നാല്‍ പ്രൊഫസര്‍ പദവി ഇല്ലാത്തിനാല്‍ നിയമപരമായി ഡയറക്ടറാകാന്‍ സാധിക്കില്ലെന്ന് വന്നതോടെ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ തന്നെ പ്രൊഫസര്‍ പദവി നല്കി. ഇതിനായി 2020 മെയ് 20 ന് സര്‍ക്കാര്‍ ചട്ടം ലഘിച്ച് ഉത്തരവിറക്കി.
അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയില്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ചാല്‍ അസോസിയേറ്റ് പ്രൊഫസറും വീണ്ടും നാലുവര്‍ഷം കഴിയുമ്പോള്‍ സീനിയര്‍ സ്റ്റാഫ് സെലക്ഷന് കമ്മറ്റിയുടെ പരിശോധനയ്ക്ക് ശേഷം അഡീഷണല്‍ പ്രൊഫസറുമാകും. തുടര്‍ന്ന് ഓപ്പണ്‍ റിക്രൂട്ട്മെന്റിലൂടെയാണ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നല്‍കുന്നത്. ഇതെല്ലാം അട്ടിമറിച്ചായിരുന്നു പ്രൊഫസര്‍ പദവി നല്കി ആരോഗ്യവകുപ്പ് ഉത്തരിവറക്കിയത്. എന്നാല്‍ ആ ഉത്തരവ് നിലനില്‍ക്കില്ലെന്നു വന്നതോടെ 19 ദിവസം കഴിഞ്ഞപ്പോള്‍ ഉത്തരവില്‍ വിചിത്രമായ തിരുത്തുവരുത്തി. ഡയറക്ടര്‍ പദവി ഒഴിയുന്നതുവരെ മാത്രം പ്രൊഫസര്‍ പദവി ഉപയോഗിക്കാമെന്നായിരുന്നു തിരുത്ത്. ഡയറക്ടറായി മൂന്നുവര്‍ഷത്തേക്കാണ് നിയമനമെങ്കിലും രണ്ട് തവണയായി മൂന്നുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്കി. ഇതോടെ പ്രൊഫസര്‍ പദവി ഇല്ലാത്ത ഡയറക്ടര്‍ക്ക് അഞ്ചുവര്‍ഷം ലഭിച്ചു. വീണ്ടും കാലവധി നീട്ടി നല്കാന് നീക്കം ആരംഭിച്ചു. ചട്ടം ലംഘിച്ചുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്. രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: