ബെയ്റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ക്കുള്ള ധനസഹായ കേന്ദ്രം തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി ഇസ്രയേല്‍. ബെയ്റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേല്‍ അറിയിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്റള്ളയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇവിടെ സ്വര്‍ണവും ഡോളറും ഒളിപ്പിച്ചിരുന്നത്. രഹസ്യ ബങ്കറില്‍ ഹിസ്ബുള്ള 500 മില്യണ്‍ മൂല്യം വരുന്ന സ്വര്‍ണവും പണവും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ബോധപൂര്‍വം ഒരു ആശുപത്രിയുടെ കീഴില്‍ ബങ്കര്‍ സ്ഥാപിക്കുകയും അതില്‍ 500 ബില്യണ്‍ ഡോളറിലധികം പണവും സ്വര്‍ണവും സൂക്ഷിക്കുകയായിരുന്നു. ആ പണം ലെബനനെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാതെ ഹിസ്ബുള്ള ഭീകരര്‍ക്കായി ചെലവഴിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഭീകരതയ്ക്കും ഇസ്രയേലിനെ ആക്രമിക്കാനും പണം ഉപയോഗിക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്ന് ലെബനീസ് സര്‍ക്കാരിനോടും അന്താരാഷ്ട്ര സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്ളയ്ക്കെതിരെ നടപടിയെടുക്കാനും സൗകര്യം പരിശോധിക്കാനും ഹഗാരി ലെബനന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹമാസിനൊപ്പം ഹിസ്ബുള്ളയും ആശുപത്രികളും സ്കൂളുകളും മറ്റ് സെന്‍സിറ്റീവ് സൈറ്റുകളും ആയുധങ്ങള്‍ ഒളിപ്പിക്കാനും ഭീകരര്‍ക്ക് അഭയം നല്‍കാനും ഉപയോഗിച്ചതായി ഐഡിഎഫ് ആരോപിച്ചു.
ഹിസ്ബുള്ളയുടെ സാമ്പത്തിക സൗകര്യങ്ങള്‍ സിവിലിയന്‍ സ്വത്തുക്കള്‍ക്ക് കീഴിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുകയും അതിലൂടെ ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നു. ലെബനന് ജനതയും ഇറാന് ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ രണ്ട് പ്രധാന വരുമാന സ്രോതസ്സുകളെന്നും ഹഗാരി പറഞ്ഞു. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാന് വഴി ലെബനനിലേക്ക് കടത്തുന്ന സ്വര്‍ണവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങള്‍ സംഘം ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.
ലെബനന്, സിറിയ, യെമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികളിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതില്‍ വരുമാനം ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പോരാട്ടം സിവിലിയന്മാര്ക്കെതിരെയല്ലെന്നും ഇസ്രയേലിനെതിരെ ആക്രമണം നടത്തുമ്പോള്‍ ലെബനന് ജനതയെ കവചങ്ങളായി ഉപയോഗിക്കുന്ന ഇറാന് പിന്തുണയുള്ള ഭീകര സംഘടനയ്ക്കെതിരെയാണെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ളയുടെ പലിശരഹിത ജനകീയ ബാങ്കിങ് സംവിധാനമായ അല്‍-ഖര്‍ദ് അല്‍- ഹസന്റെ മുപ്പതോളം ബ്രാഞ്ചുകളില്‍ ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ ഒറ്റരാത്രി കൊണ്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹലേവി പറഞ്ഞു.
ഹിസ്ബുളള ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന അല്‍- ഖ്വാഡ് അല്‍ ഹാസന് എന്ന സ്ഥാപനത്തിന്റെ ബെയ്റൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. അല്‍- ഖ്വാഡ് അല്‍ ഹാസനുമായി ജനങ്ങള്‍ ഒരു തരത്തിലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: