കണ്ണൂര്‍: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. പെട്രോള്‍ പമ്പിനായി എന്‍ഒസി ഫയലിലുളള , പ്രശാന്തന്റെ ഒപ്പും നവീന്‍ ബാബു കോഴ വാങ്ങിയെന്ന ആരോപിച്ച് ഇയാള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമാണെന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്.എന്‍ഒസി ഫയലിലെ ഒപ്പും പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാല്‍, എന്‍ഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. എന്‍ഒസി ഫയലില്‍ ടിവി പ്രശാന്ത് എന്നാണ് പേര്. എന്നാല്‍ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയില്‍ പ്രശാന്തന് ടിവി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നിരുന്നു.
പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലെ ഒപ്പും എന്‍ഒസിയിലെ ഒപ്പും ഒരു പോലെയാണ്. ഈ രണ്ടു രേഖകളും പ്രശാന്ത് തന്നെ നേരിട്ട് ഒപ്പിട്ട് കൈപ്പറ്റിയതാണെന്നാണ് ഇത് തെളിയിക്കുന്നത്.
അതേസമയം, ഈ രണ്ട് ഒപ്പുകളുമായി യാതൊരു സാമ്യവുമില്ലാത്ത ഒപ്പാണ് എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലുള്ളത്. മറ്റാരെങ്കിലുമാണോ പരാതി പ്രശാന്തന്റെ പേരില്‍ നല്‍കിയതെന്ന സംശയമാണ് ബലപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് എ ഡി എമ്മിന്റെ മരണശേഷം പരാതി നല്‍കിയതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: