ന്യൂദല്‍ഹി : ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മില്‍ പള്ളികള്‍ സംബന്ധിച്ചുളള തര്‍ക്കത്തില്‍ ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.
ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിലാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷന് ബെഞ്ച് തീരുമാനത്തിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. പള്ളികള്‍ ഏറ്റെടുക്കുന്നതിലെ ക്രമസമാധാന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ തടസഹര്‍ജി നല്കി. ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു.
ഓര്‍ത്തഡോക്സ്- യാക്കോബായ കേസില്‍ മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: