കൊച്ചി: മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങള്‍ നിയമ ഭേദഗതികളിലൂടെ ശാശ്വതമായി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എറണാകുളം – അങ്കമാലി മേജര്‍ അതിരൂപത സമിതി കാത്തലിക്ക് നസ്രാണി അസോസിയേഷന്.
രാഷ്ട്രീയം മറന്ന് എല്ലാവരും മുനമ്പം പ്രദേശവാസികളോടൊപ്പം നിലയുറപ്പിക്കണം. സമരം നടത്തുന്നവര്‍ക്ക് സിഎന്‍എ പൂര്‍ണ പിന്തുണ ഉറപ്പ് നല്കി.
മുനമ്പം വേളാങ്കണ്ണി മാത പള്ളി അങ്കണത്തില്‍ നടക്കുന്ന സത്യഗ്രഹ വേദിയിലേക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷന് അതിരൂപത ഉന്നതാധികാര സമിതി അംഗങ്ങള്‍ പ്രകടനമായി എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.
ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന ജനപക്ഷ റിലേ നിരാഹാര സമരം സര്‍ക്കാര്‍ കാണാതെ പോകരുത്. നീതിക്കു വേണ്ടി പോരാടുന്ന മുനമ്പം കടപ്പുറം നിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്. ഇവിടെ താമസിക്കുന്ന 600 കുടുംബങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വഖഫ് ബോര്‍ഡ് 2019ല്‍ അവരുടെ ഭൂമി അന്യായമായി ബോര്‍ഡിന്റെ ആസ്തി വിവരക്കണക്കില്‍ എഴുതിച്ചേര്‍ത്തത് സാമാന്യനീതിക്ക് നിരക്കാത്തതാണ്.
മുനമ്പം തീരമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനപക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് സിഎന്‍എ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
അസോസിയേഷന് എറണാകുളം- അങ്കമാലി അതിരൂപത ചെയര്മാന് ഡോ. എം.പി. ജോര്‍ജ്, കണ്‍വീനര്‍ ജോസ് പാറേക്കാട്ടില്‍, വക്താവ് ഷൈബി പാപ്പച്ചന്, കോര്‍ കമ്മിറ്റി അംഗങ്ങളായ ബൈജു ഫ്രാന്‍സിസ്, എം.എ. ജോര്‍ജ്, ആന്റോ പല്ലിശേരി, ഷിജു സെബാസ്റ്റ്യന്‍, കെ. ഷൈജന്‍, എന്‍.പി. ആന്റണി, എന്‍.എ. സെബാസ്റ്റ്യന്‍, ലിജോയ് പാലാട്ടി എന്നിവര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: