ചെന്നൈ: നവദമ്പതികൾ എന്ത് കൊണ്ട് കൂടുതൽ കുട്ടികൾക്കായി ആഗ്രഹിക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈ തിരുവാൺമിയൂരിലെ മരുന്ധീശ്വരർ ക്ഷേത്രം കല്യാണമണ്ഡപത്തിൽ 31 ദമ്പതികൾക്കായി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഹിന്ദുമത ചാരിറ്റീസ് വകുപ്പിന്റെ ക്ഷേത്രങ്ങളുടെ പേരിലാണ് സമൂഹ വിവാഹം നടന്നത്.
കുറഞ്ഞ ജനസംഖ്യാ വർധനയുടെ അടിസ്ഥാനത്തിൽ പാർലമെൻ്റ് മണ്ഡലങ്ങൾ കുറയുമ്പോൾ, എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തേണ്ടത് എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം. പക്ഷെ അതിര്‍ത്തി നിര്‍ണയം നടക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് നമ്മള് മാറ്റി ചിന്തിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെട്ടേക്കാം. ജനസംഖ്യ കുറവാണെങ്കില്‍ സീറ്റുകള്‍ കുറഞ്ഞുപോകാനും സാധ്യതയുണ്ട്.
നവദമ്പതികൾക്ക് 16 വിധത്തിലുള്ള സമ്പത്ത് ഉണ്ടായിരിക്കണമെന്ന് പറയുന്ന ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്തുകൊണ്ട് അതുപോലെ 16 കുട്ടികൾക്കായി നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാലിൻ ചോദിച്ചു.
“പതിനാറും പെട്ര് പെരുവാഴ്വ് വാഴ്ക എന്ന തമിഴ് ചൊല്ലിനെ അധികരിച്ചാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. 16 എന്ന സംഖ്യ ഒരിക്കലും കുട്ടികളെ ഉദ്ദേശിച്ചല്ല, പശു, ഭൂമി, കുട്ടികൾ, ഇണ, വിദ്യാഭ്യാസം, വെള്ളം, വാഹനം, പ്രശസ്തി തുടങ്ങിയ സമ്പത്തുകളാണ്. എന്നാൽ ഇക്കാലത്ത്, ജീവിതത്തിൽ 16 തരത്തിലുള്ള സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ മാത്രമാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. പക്ഷേ, പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറയുന്നത് പോലുള്ള സാഹചര്യങ്ങൾ നേരിടുമ്പോൾ നമുക്ക് എന്തിനാണ് ചെറിയ കുടുംബങ്ങൾ. 16 കുട്ടികൾക്കായി എന്തുകൊണ്ട് ചിന്തിച്ചുകൂടാ. നവദമ്പതികളോട് തങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു”വെന്നും സ്റ്റാലിൻ പറഞ്ഞു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ജനസംഖ്യ അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ വ്യത്യാസം വരുമെന്നും ജനസംഖ്യാ സാന്ദ്രതയേറെയുള്ള സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ സ്റ്റാലിന് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: