കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ജീവനെടുത്ത വിവാദ പെട്രോള്‍ പമ്പ് വിഷയത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. പമ്പിനു മുടക്കിയ രണ്ടു കോടിയോളം രൂപ എവിടെ നിന്നു കിട്ടി, ആരുടെ പണമാണിത്, തുടങ്ങിയവയിലാണ് ഇ ഡി അന്വേഷണം. ഇതോടെ പമ്പിന് അപേക്ഷിച്ച പ്രശാന്തനും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.പി. ദിവ്യയും പെട്രോള്‍ പമ്പിനു പിന്നിലെ ഉന്നത സിപിഎം നേതാക്കളും കുരുക്കിലായി.
പെട്രോള്‍ പമ്പിനുള്ള എന്‍ഒസിക്ക് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യ പറഞ്ഞത്. നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി കൊടുത്തെന്ന് പമ്പ് ലൈസന്‍സിന് അപേക്ഷിച്ച ടി.വി. പ്രശാന്തനും വെളിപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ വില രണ്ടു കോടിയോളമാണ്. പരിയാരം മെഡിക്കല്‍ കോളജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന്റെ ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമുയര്‍ന്നിരുന്നു. പ്രശാന്തന് ആരുടെ ബിനാമിയാണെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ പല യുവനേതാക്കളിലേക്കും എത്തുമെന്നാണ് സൂചന.
ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതി നിരോധന നിയമം വകുപ്പ് 13ബി പ്രകാരം അന്വേഷണം നടത്താം. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) ഷെഡ്യൂള്‍ഡ് കുറ്റകൃത്യമാണ്. പിസി ആക്ട് ബാധകമാകുന്ന കേസില്‍ കുറ്റകൃത്യത്തിനു സഹായിക്കുന്നവരെക്കുറിച്ചും ഇ ഡി അന്വേഷിക്കണം. അപ്പോള്‍ ദിവ്യയും ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരും. കൈക്കൂലി നല്കിയെന്നു പ്രസ്താവിച്ചതിന് പ്രശാന്തന്റെ പേരില്‍ കേസെടുക്കേണ്ടതാണ്. പ്രശാന്തന്റെ ഇടപാടുകളും സംശയങ്ങള്‍ക്കിടയാക്കുന്നു. ഇതും ഇ ഡി അന്വേഷണ പരിധിയില്‍ വരും.
അതിനിടെ, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു, റവന്യൂ വകുപ്പുതല അന്വേഷണ സംഘത്തോട് സത്യം സത്യമായിത്തന്നെ പറഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പോലീസ് മൊഴിയെടുക്കുമ്പോഴും ഇതുതന്നെ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലെത്തുമ്പോള്‍ ജില്ലയുടെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് അദ്ദേഹത്തെ കണ്ടത്. എഡിഎമ്മുമായി ബന്ധപ്പെട്ടവയും സംസാരിച്ചിട്ടുണ്ട്, കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: