ന്യൂഡൽഹി ; കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ദീപാവലിയോടനുബന്ധിച്ച് രാജ്യത്തുടനീളം 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് റിപ്പോർട്ട് . കഴിഞ്ഞ ദിവസം നടന്ന കർവ ചൗത്തിൽ 22,000 കോടി രൂപയുടെ വ്യാപാരം രാജ്യത്തുടനീളം നടന്നിട്ടുണ്ട് . ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം വരും. ദീപാവലി ദിനത്തിലും വിപണിയിൽ കോടികളുടെ വ്യാപാരമാകും നടക്കുക.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ്, പൂജാ സാമഗ്രികൾ, സമ്മാനങ്ങൾ എന്നിവയ്‌ക്കായി വൻ ഷോപ്പിംഗാണ് ഈ ഉത്സവ സമയങ്ങളിൽ നടക്കുന്നത് . കഴിഞ്ഞ വർഷത്തെ ദീപാവലിയുമായി ബന്ധപ്പെട്ട് വിപണിയിൽ ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് നടന്നത് . ഈ വർഷം ഡൽഹിയിൽ മാത്രം 75,000 കോടി രൂപയിൽ അധികമാകും വ്യാപാരമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീപാവലി കഴിഞ്ഞു വരുന്നത് വിവാഹ സീസൺ ആണെന്നും , 5.9 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഈ വേളയിൽ പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.ഉത്സവ വേളകളിൽ പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് . CAIT റിപ്പോർട്ടുകൾ പ്രകാരം, വ്യാപാരികൾ ഉത്സവ സീസണിൽ ചൈനീസ് ഉൽപ്പന്നങ്ങളൊന്നും ഇറക്കുമതി ചെയ്തിട്ടില്ല, കുറഞ്ഞ വില ഉണ്ടായിരുന്നിട്ടും ഉപഭോക്താക്കളും അവ വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: