World

പാക് പഞ്ചാബിലെ നരോവാളിൽ 64 വർഷത്തിനു ശേഷം ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കുന്നു ; രവി നദിക്കരയിലെ പുണ്യക്ഷേത്രം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും

Published by

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തകർച്ചയിലേക്ക് വഴുതി വീണിരുന്ന ഒരു ഹിന്ദു ക്ഷേത്രം പുനർനിർമിക്കുന്നതിന് 10 മില്യൺ രൂപ അനുവദിച്ച് പാകിസ്ഥാൻ സർക്കാർ. പഞ്ചാബിലെ രവി നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള നരോവാളിലെ സഫർവാൾ പട്ടണത്തിൽ അടച്ചിട്ടിരുന്ന ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ നിർമ്മാണമാണ് ആരംഭിച്ചത്.

തികച്ചും പൂജകൾ ഇല്ലാതെ അടച്ചിട്ടിരുന്ന ക്ഷേത്രം 64 വർഷത്തിന് ശേഷം പുനരുദ്ധാരണത്തിന്റെ ആദ്യ ചുവടുവയ്പിലേക്ക് കാലെടുത്ത് വച്ചതായി തിങ്കളാഴ്ച ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ ബോഡിയായ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി) ആണ് ക്ഷേത്രം പുനർ നിർമ്മിക്കുന്നത്. 1960ലാണ് ക്ഷേത്രത്തിൽ ആരാധന പൂർണ്ണമായും ഇല്ലാതായത്.

നിലവിൽ നരോവൽ ജില്ലയിൽ ഒരു ഹിന്ദു ക്ഷേത്രവുമില്ല. ഹിന്ദു സമൂഹം അവരുടെ മതപരമായ ആചാരങ്ങൾ വീട്ടിൽ നടത്താനോ സിയാൽകോട്ടിലെയും ലാഹോറിലെയും ക്ഷേത്രങ്ങളിലേക്കോ പോകാനോ നിർബന്ധിതരാകുന്നു. ഈ സാഹചര്യം മനസിലാക്കി ബാവോലി സാഹിബ് ക്ഷേത്രം പുനർ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടത്.

അതേ സമയം നരോവാളിൽ 1,453-ലധികം വരുന്ന ഹിന്ദു സമൂഹത്തിന് ആരാധനയ്‌ക്ക് ക്ഷേത്രമില്ലെന്ന് പാക് ധർമ്മസ്ഥാൻ കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് രത്തൻ ലാൽ ആര്യ പറഞ്ഞു. പാകിസ്ഥാൻ സ്ഥാപിതമായതിനുശേഷം നരോവൽ ജില്ലയിൽ 45 ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലക്രമേണ ജീർണാവസ്ഥയിലായി.

കഴിഞ്ഞ 20 വർഷമായി ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി പാക് ധർമ്മസ്ഥാൻ കമ്മിറ്റി വാദിക്കുന്നുണ്ടെന്ന് ആര്യ പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ക്ഷേത്രം പുനഃസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം നിർമ്മാണം പൂർത്തിയായാൽ ക്ഷേത്രം പാക് ധർമ്മസ്ഥാൻ കമ്മിറ്റിക്ക് കൈമാറും. സുപ്രീം കോടതിയുടെ ഏകാംഗ കമ്മീഷൻ അധ്യക്ഷൻ ഷോയിബ് സിദ്ദാലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം മൻസൂർ മസിഹും ഈ പുനരുദ്ധാരണ ശ്രമത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഹിന്ദു സമൂഹത്തിന്റെ ദീർഘകാല ആവശ്യം നിറവേറ്റുമെന്നും അവരുടെ മതപരമായ ആചാരങ്ങൾ ആ സ്ഥലത്ത് നടത്താൻ അനുവദിക്കുമെന്നും പാക് ധർമ്മസ്ഥാൻ കമ്മിറ്റി പ്രസിഡൻ്റ് സാവൻ ചന്ദ് പറഞ്ഞു.

പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നുണ്ട്. അതേ സമയം സമുദായത്തിന്റെ കണക്കനുസരിച്ച് 90 ലക്ഷത്തിലധികം ഹിന്ദുക്കൾ രാജ്യത്ത് താമസിക്കുന്നു. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് വസിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by