ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പുനല്‍കി.
പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ശ്രീനഗറിലെ ആശുപത്രിക്ക് ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. ജമ്മു കശ്മീര്‍ മേഖലയില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും എക്‌സില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. സ്വകാര്യ നിര്‍മാണ കമ്പനി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗുന്ദ് മേഖലയിലെ ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. നിരവധിപേർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികളും മറ്റും ക്യാമ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.
അതിനിടെ ബാരമുള്ളയിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൂരക്ഷാസേന മേഖലയില്‍ പരിശോധനയ്‌ക്ക് എത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്.
കശ്മീരിലെ തെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായും നടക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം അറിയിക്കുന്നതിനായാണ് ഈ ആക്രമണം ഇപ്പോള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നത് എന്നാണ് കേന്ദ്ര ഏജന്‍സികള്‍ പ്രഥമികമായി നല്‍കുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: