ന്യൂഡല്‍ഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരർ. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ഖലിസ്ഥാനി ഗ്രൂപ്പ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സ്‌കൂളിന്റെ മതിൽ തകർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്.
ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ, സ്ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,
‘‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്‌ക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിയ്‌ക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.’’– പോസ്റ്റിൽ പറയുന്നു.
സ്ഫോടനത്തെപ്പറ്റി എൻഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. സ്കൂളിനും സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. അന്വേഷണത്തിന്റെ ഭാഗമായി സെക്ടർ 14 രോഹിണിയിലെ സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്ന് ബോംബ് സ്‌ക്വാഡും പൊലീസ് ഫോറൻസിക് സംഘവും സാമ്പിളുകൾ എടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി, ദേശീയ സുരക്ഷാ ഗാർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കൂളിന് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായി കണ്ടെത്തിയ ‘വെളുത്ത പൊടി’ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂൾ മതിലിനോട് ചേർന്ന് മണ്ണ് കുഴിച്ചും സാമ്പിളുകൾ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: