കണ്ണൂര്‍: ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് വിഷയത്തില്‍ എഡിഎം നവീന്‍ ബാബുവിനെതിരായ വിവാദ പരാമര്‍ശനത്തിന് ദിവ്യയെ പ്രേരിപ്പിച്ചത് വിഷയത്തില്‍ സിപിഐ നടത്തിയ ഇടപെടലെന്ന് സൂചന. പെട്രോള്‍ പമ്പ് വിഷയത്തില്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം എഡിഎം നവീന്‍ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാര്‍ സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം എഡിഎം സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞെന്നും സന്തോഷ് പറഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ ദിവ്യ തുറന്നടിച്ചത് സിപിഐയുടെ ഇടപെടലാണെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണര്‍ക്കും നല്‍കിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമര്‍ശമുള്ളത്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് വിഷയത്തില്‍ എഡിഎം കെ. നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നുവെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ദിവ്യ നേരിട്ട് ഇടപെട്ടിട്ടും നടക്കാതെ പോയ കാര്യം സിപിഐ നടപ്പിലാക്കിയതാണ് ദിവ്യയെ പ്രകോപിപ്പിച്ചത്.
അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പൊലീസ് സാവകാശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: