Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ദന ചുഴലിക്കാറ്റ് വരുന്നു

Published by

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപമെടുക്കും.

ഈ മേഖലയില്‍ രണ്ട് ദിവസമായി അന്തരീക്ഷച്ചുഴി തുടരുകയാണ്. ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ തീവ്രമാകും. പിന്നാലെ 23ന് ചുഴലിക്കാറ്റായി രൂപമെടുക്കും. അതിന് ദനയെന്ന പേരാകും നല്കുക. ഖത്തറാണ് ഈ പേര് നല്കിയിരിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് രണ്ടിന് രാവിലെയോടെ ഒഡീഷ- ബംഗാള്‍ തീരത്തെത്തി കരതൊടുമെന്നാണ് പുതിയ സൂചനകള്‍. രണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രണ്ടിടത്തും 24ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ ഈ മേഖലകളില്‍ മഴ ശക്തമാകും.

സാധാരണയായി ഇത്രയും വേഗത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് അപൂര്‍വമാണ്. ദിവസങ്ങള്‍ മാത്രമെടുത്താണ് അന്തരീക്ഷച്ചുഴി ശക്തിയേറിയ ചുഴലിയാകുന്നത്.

തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലിലെ രണ്ടാമത്തെ ചുഴലിക്കാറ്റുമാണ് ദന.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ തുലാമഴ ശക്തമായി തുടരുകയാണ്. ഇടിയോട് കൂടി എത്തുന്ന മഴ മണിക്കൂറുകള്‍ നീണ്ട് നില്ക്കുന്നുണ്ട്. കിഴക്കന്‍ മലയോര മേഖലകളിലാണ് കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

നവംബര്‍ രണ്ടാം വാരത്തോടെയാകും ഇതിന് സാധ്യത. മഴ ശക്തമാകുകയും കാറ്റ് വ്യാപകമായി നാശം വിതക്കുകയും ചെയ്യുമെന്ന പ്രവചനങ്ങളുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by