കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ അത് തിരുവനന്തപുരത്ത് എകെജി സെന്റര്‍ വരെ എത്തുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എഡിഎമ്മിന് പണം നല്‍കിയെന്ന് പറയുന്ന പ്രശാന്തിന് പിന്നില്‍ ബിനാമികളുണ്ടെന്ന സംശയം ബലപ്പെട്ട് വരികയാണ്. തിരുവനന്തപുരം എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന് പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്ന് വന്നിരിക്കുകയാണ്. അതുകൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തുകയാണെങ്കില്‍ എഡിഎമ്മിന്റെ മരണത്തിന് പിന്നിലുള്ള ഗൂഡാലോചന പുറത്ത് കൊണ്ടുവരുന്നതോടൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുള്ള പങ്കും പുറത്തു വരും. അതുകൊണ്ട് തന്നെ അന്വേഷണം പ്രഹസനമാക്കി മാറ്റി ദിവ്യയെയും കൂടെയുള്ള സിപിഎം നേതാക്കളെയും സംരക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
ദിവ്യയെയും കൂടയുള്ള നേതാക്കളെയും നിരപരാധികളാക്കാനും നവീന്‍ ബാബുവിനെ കളങ്കിതനാക്കി മാറ്റാനുമുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് തന്നെ പുറത്ത് വിടാന്‍ കാരണം. നേരത്തെ പോലീസ് പറഞ്ഞത് സിസിടിവി ദൃശ്യങ്ങളൊന്നും ഇല്ലെന്നാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയാണ്. ഈ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് പോലീസാണ്. പ്രശാന്ത് എഡിഎമ്മിനെ കണ്ടുവെന്നും പണം കൊടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ശ്രമം. എന്നാല്‍ പണം കൊടുത്തോയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല. വ്യാജരേഖകള്‍ ചമച്ച് കുറ്റവാളികളെ സംരക്ഷിക്കാനും എഡിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ദിവ്യയെ അറസ്റ്റ് ചെയ്ത് കുടുംബത്തിന് നീതി ഉറപ്പാക്കിയതിനുശേഷമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പത്തനംതിട്ടയിലെ വീട് സന്ദര്ശിക്കേണ്ടിയിരുന്നതെന്നും ഈ സന്ദര്‍ശനം പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: