പാലക്കാട്: പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കാന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന പി. സരിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. വിവാദമായതോടെ സരിന് മാറ്റിപ്പറഞ്ഞെങ്കിലും പുറത്തായത് കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം ഡീലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി. രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറഞ്ഞാല്‍ വസ്തുതയില്ലാതാകില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ. ശ്രീധരന്റെ വിജയം തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കിയെന്ന് തെളിയിക്കുന്നതാണ് സരിന്റെ വെളിപ്പെടുത്തല്‍. 3480 വോട്ടിനാണ് അന്ന് ഇ. ശ്രീധരന് പരാജയപ്പെട്ടത്. 54079 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. 38.06 ശതമാനം. എന്‍ഡിഎ 50220 വോട്ട്. ശതമാനം 35.34. എന്നാല്‍ എല്‍ഡിഎഫിന് അന്ന് ലഭിച്ചത് വെറും 25.64 ശതമാനമാണ്, 36433 വോട്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പി. സരിന് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ്-സിപിഎം ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍
ബിജെപി ജയിക്കാതിരിക്കാന്‍ സിപിഎം കാണിച്ച ഔദാര്യം ഇനി പ്രതീക്ഷിക്കേണ്ടെന്നും സരിന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സരിന് സിപിഎം ജില്ലാ നേതൃത്വം പിന്തുണ അറിയിച്ചതിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ നടത്തിയ തുറന്നുപറച്ചില്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി സി.പി. പ്രമോദിനെ സിപിഎം രക്തസാക്ഷിയാക്കുകയാണ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു. പരാമര്‍ശം വിവാദമായതോടെ സരിന് തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സിപിഎം വോട്ട് മറിച്ചെന്നല്ല, സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചെന്നാണ് പറഞ്ഞതെന്നായി സരിന്റെ ന്യായീകരണം. ആ വോട്ടുകള്‍ വാങ്ങി ഫാഫി അവരെ വഞ്ചിച്ചുവെന്നാണ് പറഞ്ഞതിന് അര്‍ത്ഥം. അന്ന് മത്സരിച്ച ഇടതുസ്ഥാനാര്‍ത്ഥി സി.പി. പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പില്‍ വഞ്ചിച്ചതെന്നാണ് സരിന്റെ ഇപ്പോഴത്തെ വിശദീകരണം. സരിന് പറഞ്ഞത് സരിന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: