അനിരുദ്ധ് രവിചന്ദര്‍ എന്ന യുവ സംഗീതസംവിധായകന് തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും വന്‍തരംഗം സൃഷ്ടിക്കുകയാണ്. ഒന്നിനുപിറകേ ഒന്നൊന്നായി ഹിറ്റുകള്‍ മാത്രം സംഗീതപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും നല്കിയ രവിചന്ദര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ എ.ആര്.റഹ്മാനെ കടത്തിവെട്ടിയിരിക്കുന്നു.
ഷാരൂഖ് ഖാന്റെ ജവാന്, വിജയ് നായകനായ ലിയോ, ജൂനിയര്‍ എന്‍ടിആര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ദേവാര, രജനീകാന്തിന്റെ വേട്ടയന് തുടങ്ങി ഹിന്ദി, തമിഴ് സിനിമകളില്‍ ഇറങ്ങിയ രവിചന്ദര്‍ സംഗീതം യുവാക്കള്‍ക്ക് ലഹരിയാണ്. സിനിമയുടെ മൂഡിനനുസരിച്ചുള്ള സംഗീതമാണ് രവിചന്ദറിനെ വ്യത്യസ്തനാക്കുന്നത്. ഫോക്, റോക്, റൊമാന്റിക്, ഹിപ് ഹോപ്….തുടങ്ങി എല്ലാ ഴോണറുകളും വഴങ്ങുന്ന സംഗീതസംവിധായകനാണ് രവിചന്ദര്‍. മാത്രമല്ല, ചടുലനൃത്തച്ചുവടുകള്ക്ക് ചേരുന്ന രവിചന്ദറിന്റെ വൈറല്‍ ട്യൂണുകള്‍ ലഹരിയാണ്. അതിന് ഉദാഹരണമാണ് വേട്ടയനിലെ ‘മനസ്സിലായോ’ എന്ന രജനീകാന്തും മഞ്ജു വാര്യരും ചേര്‍ന്നുള്ള ഗാനം.
തുടര്‍ച്ചയായ ഹിറ്റുകളിലൂടെ റോക്ക് സ്റ്റാറായി മാറിയ രവിചന്ദര്‍ ഈയിടെയാണ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്. ഒരു സിനിമയ്ക്ക് ഏകദേശം 10 മുതല്‍ 12 കോടി വരെയാണ് രവിചന്ദറിന്റെ ഇപ്പോഴത്തെ പ്രതിഫലം. അതോടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ റഹ്മാന് രണ്ടാം സ്ഥാനക്കാരനായി. പക്ഷെ റഹ്മാന് രാം ചരണിനൊപ്പമുള്ള അടുത്ത സിനിമയ്ക്ക് തന്റെ പ്രതിഫലം 10 കോടിയായി ഉയര്‍ത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പുഷ്പയുടെ സംഗീതസംവിധായകന് ദേവി ശ്രീ പ്രസാദും തന്റെ പ്രതിഫലം ഇപ്പോള്‍ എട്ട് കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുഷ്പ ദി റൈസ് എന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനാണ് ദേവി ശ്രീ പ്രസാദ് പ്രതിഫലത്തുക ഉയര്‍ത്തിയത്.
ഒക്ടോബര്‍ 16ന് അനിരുദ്ധ രവിചന്ദര്‍ തന്റെ 34ാം പിറന്നാള്‍ ആഘോഷിച്ചു. അടുത്ത ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ധീമ എന്ന പുതിയ ഗാനവും ഹിറ്റ് തന്നെ. 2012ല്‍ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച അനിരുദ്ധ രവിചന്ദര്‍ ത്രീ എന്ന ധനുഷ് ചിത്രത്തില്‍ ഒരുക്കിയ വൈ ദിസ് കൊലവെറി സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: