തിരുവനന്തപുരം: നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് വി.എസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാള്‍ ആശംസ നേര്‍ന്നത്.
താന്‍ ആരാധാനയോടെ കാണുന്ന വ്യക്തിയാണ് വി.എസ് എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്‌ട്രീയമായി എതിര്‍ക്കുന്നവരെ ശത്രുവായി കാണാന്‍ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനാലാണ് വി.എസിനെ കാണാനെത്തിയത്. വി.എസ്. കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസില്‍ ഇടം നേടുമെന്നും എതിര്‍ക്കുന്ന ആളുകളെ മാനിക്കുന്നതാണ് ജനാധിപത്യമെന്നും പി.എസ്.ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി, ഗോവിന്ദന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവരും പി ബി അംഗം എം എ ബേബിയും വി എസിന് ആശംസ അര്‍പ്പിക്കാന്‍ വീട്ടിലെത്തി. മുതിര്‍ന്ന സി പി എം നേതാവ് എസ് രാമചന്ദ്രന്‍ പിളളയും വി എസിന് ആശംസയുമായി എത്തി. സജീവ രാഷ്‌ട്രീയം വിട്ട് വീട്ടില്‍ വിശ്രമ ജീവിത്തിലാണ് വി എസ്. വീട്ടിലെത്തിയവരെ ഭാര്യ കെ വസുമതിയും മകന്‍ അരുണ്‍കുമാറും ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: