തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. ഐശ്വര്യം കിട്ടാനാണ് ഉരുളി മോഷ്ടിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഗണേഷ് ഝാ എന്ന ഓസ്ട്രേലിയൻ പൗരനാണ് മുഖ്യപ്രതി.
ഇയാൾക്കൊപ്പമുണ്ടായിരുന്നത് രണ്ടു സ്ത്രീകളാണ്. മൂന്ന് പേരെയും ഹരിയാനയിൽ നിന്നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹരിയാന സ്വദേശികളായ ഇവരെ ഗുഡ്ഗാവ് പൊലീസിന്റെ സഹായത്തോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഫോര്‍ട്ട് എസ്എച്ച്ഒ വിആര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്.
ഒക്ടോബര്‍ 13 നായിരുന്നു മോഷണം. രാവിലെ ക്ഷേത്രത്തിലെ പാല്‍പ്പായസ നിവേദനത്തിന് ശേഷമാണ് മോഷണം നടന്നത്. വിഗ്രഹമിരിക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന് താഴെ വിഗ്രഹത്തിന്റെ പാദത്തിന് സമീപത്തെ വിശ്വക് സേന വിഗ്രഹത്തില്‍ തളിക്കാനായി വെള്ളം സൂക്ഷിക്കുന്ന ഉരുളിയാണ് മോഷ്‌ടിച്ചത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ മോഷണവിവരം അറിഞ്ഞത്. ഉടന്‍ നിരീക്ഷണ ക്യാമറ പരിശോധിച്ച് മോഷണമാണെന്ന് ഉറപ്പു വരുത്തിയെങ്കിലും പരാതി നൽകിയില്ല. ഒക്ടോബര്‍ 18 നാണ് ക്ഷേത്രം ഭാരവാഹികള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നൽകുന്നത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികള്‍ താമസിച്ച സ്‌റ്റാച്യുവിലെ ഹോട്ടലിലെ രജിസ്‌റ്ററിൽ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളുടെ ലൊക്കേഷന്‍ പൊലീസ് തിരിച്ചറിയുന്നത്. ഹരിയാനയിലെ സ്വകാര്യ ഹോട്ടലിന്റെ ലൊക്കേഷന്‍ ഫോര്‍ട്ട് പൊലീസ് ഹരിയാന പൊലീസിന് കൈമാറുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.
24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങളുള്ള കേന്ദ്ര സേനയടക്കം കാവല്‍ നിൽക്കുന്ന ക്ഷേത്രത്തിലെ സുരക്ഷ വീഴ്‌ചയും മോഷണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കും. അതീവ സുരക്ഷയുള്ള ക്ഷേത്രത്തിനകത്ത് കയറി മോഷ്ടിച്ച് രക്ഷപ്പെടാനായതിൽ ദുരൂഹതയുണ്ട്. സുരക്ഷ വീഴ്ചയിൽ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഒരു എസ്.പിയും ഡി.വൈ.എസ്.പിയും നാല് സി.ഐമാരുമുടക്കമുള്ള സംഘമാണ് ക്ഷേത്രത്തിലെ സുരക്ഷ ചുമതല. ഇരുനൂറോളം പൊലീസുകാരും മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷ സംവിധാനങ്ങളുടെ മറികടന്ന് എങ്ങനെ മോഷണം നടത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: