‘അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും. -അച്യുതന് ഉണ്ണി.’
കുമരനല്ലൂര്‍ അരമംഗലത്ത് കുളക്കടവില്‍ കുട്ടികള്‍ കുത്തിവരച്ച വികൃതരൂപത്തിന് താഴെ, ഈ വരികള്‍ എഴുതിയിടുമ്പോള്‍ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് വയസ് 8. 1926 അമേറ്റിക്കരയില്‍ അക്കിത്തം ഇല്ലത്ത് ജനനം, കുമരനല്ലൂരും കോഴിക്കോടുമായി വിദ്യാഭ്യാസം.
2020 ഒക്ടോബര്‍ 15 ന് മഹാകവി അക്കിത്തം അന്തരിക്കുമ്പോള്‍ വയസ് 94. മലയാള സാഹിത്യ സാംസ്കാരിക മേഖലയില്‍ ഭാരതീയ ഉപനിഷദ് ദര്‍ശനങ്ങളെ നെഞ്ചിലേറ്റി സനാതന മൂല്യങ്ങള്‍ക്കായി അക്കിത്തം എന്ന ആ വലിയ മനുഷ്യന് നടത്തിയ ഇടപെടലുകള്‍ വലുതാണ്.
ഇടശ്ശേരിയെയാണ് അക്കിത്തം ഗുരുവായിക്കണ്ടത്. ഇടശ്ശേരി തന്ന ഉപദേശം എന്ന നിലയില്‍ അക്കിത്തം ഇടക്കിടെ എഴുതുകയും പറയുകയും ചെയ്യുന്ന ഒരു കാര്യം ഉണ്ട് ‘ആത്മാവിന്മേല് പറ്റിപ്പിടിച്ചു നില്ക്കുന്ന തൊപ്പകളെല്ലാം പറിച്ചുനീക്കു, അപ്പോള്‍ കാണാം, ജന്മനാ ഏത് മനുഷ്യനും നല്ലവനാണ്’. ഈ നിലപാടു തറയില്‍ നിന്നാണ് കവി എഴുതിയത്, കവിക്ക് എല്ലാവരിലും നന്മ കാണാന്‍ കഴിഞ്ഞു. വള്ളത്തോളും നാലപ്പാടും വിടിയും ഇടശ്ശേരിയും കടവനാട് കുട്ടികൃഷ്ണനും അടക്കമുള്ള പൊന്നാനിക്കളരിയിലെ അംഗമായി അക്കിത്തവും മാറി.
തെരുവില്‍ മരിച്ച് കിടക്കുന്ന അമ്മയുടെ മുല വലിച്ചു കുടിക്കുന്ന പിഞ്ചുകുഞ്ഞും അമ്മയുടെ അരികിലിരിക്കുന്ന കാക്കയും, ദുഃഖകരമായ ആ കാഴ്ചയില്‍ നിന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന കാവ്യം പിറന്നത്.
‘നിരത്തില്‍ കാക്കകൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പി വലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി’ എന്ന വരികള്‍
‘മാ നിഷാദ പ്രതിഷ്ഠാം ത്വം അഗമശ്ശാശ്വതീ സമാ / യത് ക്രൗഞ്ച മിഥുനാദേകകം അവധീ കാമമോഹിതം’ എന്ന ആദികവിയുടെ വരികള്‍ക്ക് സമാനമായിരുന്നു. ആദികാവ്യത്തിന്റെ പിറവിക്ക് സമാനമായ സാഹചര്യം, ക്രൗഞ്ചമിഥുനങ്ങളുടെ ദുഃഖം, ഇരുപതാം നൂറ്റാണ്ടിലും ചോരകൊണ്ട് സമത്വം സൃഷ്ടിക്കാനുള്ള വിപ്ലവ പദ്ധതിയെ കവി എതിര്‍ത്തു. ഞാന്‍ ലെനിന്റെ പാര്‍ട്ടിയില്‍ അംഗമാണ് എന്ന് അഭിമാന
പൂര്‍വ്വം മലയാള സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യുന്ന കാലത്ത് ഒരു ചെറുപ്പക്കാരന് സധൈര്യം എഴുതിയ വരികളാണ് ഇത്
‘തീസിസ്സിനോടേല്‍പ്പിതാന്റി
ത്തിസീസ്സെന്നൊരു സാധനം,
അതില്‍നിന്നു ജനിപ്പൂ സി-
ന്തെസിസ്സാം നാകമൂര്‍വ്വിയില്‍’
ഇഎംഎസിനൊപ്പമുള്ള സഹവാസവും യൗവനത്തിന്റെ മനസ്സും അന്നത്തെ സാമൂഹിക സാഹചര്യങ്ങളും കവിയില്‍ കമ്യൂണിസ്റ്റ് സ്വാധീനം ഉണ്ടാക്കിയിരുന്നു, കുതിര്‍ന്ന മണ്ണ് എന്ന കവിത അതിന് ഉദാഹരണമാണ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട് അക്കിത്തം എഴുതിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:
‘ലെനിന് സ്ഥാപിച്ചു വളര്‍ത്തിയ പാര്‍ട്ടിയില്‍ അംഗമാവുന്നതിനുവേണ്ടിയാണ് മനുഷ്യനെന്ന ജീവിത മാതൃക ഭൂമിയില്‍ സംഭവിച്ചതെന്നു വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ എന്റെ മുമ്പില്‍ തുറന്നുവച്ച തുടുത്ത കൊച്ചുപുസ്തകത്തില്‍ ഒപ്പുവെയ്ക്കാന്‍ രണ്ടാമത്തെ തവണയും എനിക്കു സാധിക്കാതെ വരികയും ചെയ്തു.’
തേക്കിന്‍കാടു മൈതാനത്തില്‍ പാതിരാത്രിയിലിരുന്നുകൊണ്ടു സത്യമെന്താണ്, ധര്‍മ്മമെന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നക്ഷത്രനിബിഡമായ വ്യോമ മണ്ഡലത്തിനുനേരെ എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്തൊരു നിമിഷത്തിലാണ് മുറുക്കാന്‍ പൊതിക്കപ്പുറത്തിരുന്നു വേവുന്ന മറ്റൊരു ഹൃദയം മന്ത്രിച്ചത്: ”അക്കിത്തം മുദ്രാവാക്യങ്ങള്‍ക്കു മുമ്പില്‍ നിശബ്ദത പാലിക്കണമെന്ന് എനിക്കഭിപ്രായമില്ല- ഹൃദയത്തില്‍ തോന്നുന്നത് ഉറക്കെപ്പറഞ്ഞാലല്ലാതെ ഉറങ്ങാന്‍ കഴിയാത്തതരം ഒരാളാണു താങ്കള്‍.”(സാഹിതി പേജ് 415)
രക്തരൂഷിതമായ വിപ്ലവത്തിലൂടെ സമത്വം വരുമെന്ന കമ്യൂണിസ്റ്റ് ആശയത്തെ കവി എതിര്‍ക്കുന്നു.
നരവര്‍ഗ്ഗ നവാതിഥിയോട് കവി സധൈര്യം സത്യം വിളിച്ചു പറയുന്നു. ലോകത്തിന് വെളിച്ചമാണെന്ന് പറയുന്ന ഈ കമ്യൂണിസം അത് ദുഃഖമാണെന്നും, ഉണ്ണി ഇരുട്ടെന്ന് അവര്‍ പറഞ്ഞ സനാതന മൂല്യങ്ങളാണ് സമൂഹത്തിന് സുഖപ്രദമെന്നും കവി തലയുയര്‍ത്തി പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത കേരളക്കരയെ പ്രകമ്പനം കൊള്ളിച്ചു, തായാട്ട് ശങ്കരനും, ഗോവിന്ദപ്പിള്ളയും അടക്കം കമ്യൂണിസ്റ്റ് എഴുത്തുകാര്‍ കവിക്കെതിരെ തിരിഞ്ഞു. ചെറുതുരുത്തിയില്‍ കവിസമ്മേളനത്തിനെത്തിയ അക്കിത്തത്തെ കമ്യൂണിസ്റ്റുകള്‍ ആക്രമിച്ചതിനെക്കുറിച്ച് കവി ആറ്റൂര്‍ രവിവര്‍മ്മ എഴുതിയിട്ടുണ്ട്. ആറ്റൂരിന്റെ വാക്കുകള്‍: ‘മഹാകവി അക്കിത്തത്തെ കണ്ടതില്‍ രണ്ടവസരങ്ങള്‍ പലപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്, ഒന്ന് ഒറ്റപ്പാലം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ മഹാകവി കുഞ്ഞിരാമന് നായര്‍ ‘കളിയച്ഛന്’ വായിച്ച വേദിയില്‍ത്തന്നെ തന്റെ പുതിയ കൃഷ്ണഗാഥ ചൊല്ലുന്നത്.” ”ചാത്തൂനെ കണ്ടോ കുട്ട്യോളേ”
മറ്റൊന്ന് ചെറുതുരുത്തിയില്‍ പാതവക്കത്തെ ഒരു കെട്ടിടത്തിന്റെ മുന്‍ വശത്ത് ”ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ മെഴുതിയതിന് സഖാക്കള്‍ വളഞ്ഞു വിമര്ശിക്കുന്നതിന്നു നടുവില്‍ അക്ഷോഭ്യനായി ഇരിക്കുന്നത്. മലബാറില്‍ 144 പ്രഖ്യാപിച്ചിരുന്നതിനാല്‍ കൊച്ചിയില്‍ യോഗം കൂടാനെത്തിയതായിരുന്നു സഖാക്കള്‍” (പുസ്തകം: അക്കിത്തം എന്ന ഇതിഹാസം, എഡിറ്റര്‍ പി.എം. നാരായണന്.)
അക്കിത്തവും പി. കുഞ്ഞിരാമന് നായരും നടത്തുന്ന സംഭാഷണത്തില്‍ കവി എന്നാല്‍ ആരാണ് എന്ന് അക്കിത്തം ചോദിക്കുന്നുണ്ട്, മറുപടിയായി പി പറയുന്നത് ഇങ്ങനെയാണ്,
‘കവി പുരാണം അനുശാസിതാരം എന്ന് ഉപനിഷദ് വാഴ്ത്തുന്ന കവി തന്നെ സാക്ഷാല്‍ കവി, കണ്ടെഴുതുന്നവനല്ല കാണേണ്ടത് എഴുതുന്നവനാണ് കവി’. അതേ, സമൂഹം കാണേണ്ടത് മുന്നേ കണ്ട് എഴുതിയ കവിയാണ് അക്കിത്തം. വിടിയോടൊപ്പം സ്വസമുദായ പരിഷ്കരണത്തിന് ഇറങ്ങിത്തിരിച്ച കവി നവോത്ഥാന പ്രസ്ഥാനത്തിന്റെ കരുത്തായി, ഒരേ സമയം ജന്മിത്വത്തിന്റെ ജീര്‍ണതയ്ക്കും അതിന്റെ ഫലമായ അനീതികള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ചു. ഭാരതം മുന്നോട്ട് വയ്ക്കുന്നത് ശാന്തിയും സമാധാനവും മൂല്യങ്ങളും സ്നേഹത്തിലധിഷ്ഠിതമായ തത്വശാസ്ത്രവും മാത്രമെന്ന് കവി പ്രഖ്യാപിക്കുന്നു.’നിരുപാധികമാം സ്നേഹം, ബലമായ് വരും ക്രമാല്‍’ എന്ന് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ കുറിച്ചു.
ആര്‍ക്കുമുന്നിലും തലകുനിക്കാത്ത കവി തന്റെ അഭിപ്രായം ആള്‍കൂട്ടത്തിന്റെ കൈയടിക്കോ പ്രത്യയശാസ്ത്ര പിന്തുണക്ക് വേണ്ടിയോ മാറ്റിയിട്ടില്ല.
‘ഓടക്കുഴലിന് തൊണ്ടയിലല്ലേ കൂടുണ്ടാക്കൂ വേട്ടാളന്‍
പാടും നരനുടെ തൊണ്ടയിലേറിക്കൂടുണ്ടാക്കുകയില്ലല്ലോ.’
കമ്യൂണിസ്റ്റ് വേട്ടാളന്മാര്ക്ക് തന്റെ തൊണ്ടയില്‍ കൂടുണ്ടാക്കാനോ, തന്റെ ശബ്ദം തടയാനോ സാധിക്കില്ലെന്ന് കവി വ്യക്തമാക്കിയിട്ടുണ്ട്. ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം മാത്രമായാണ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ അടയാളപ്പെടുത്തിയത്.
അക്കിത്തം ആരേയും പിന്തുടര്ന്നില്ല, ഒരു പ്രത്യയ ശാസ്ത്രവും പിന്പറ്റിനില്ക്കാന് കവി തയ്യാറായില്ല. വള്ളത്തോള്‍, ഇഎംഎസ്, വി ടി, നാലപ്പാട്, ഇടശ്ശേരി തുടങ്ങിയ മഹാരഥന്മാര്ക്കൊപ്പം പ്രവര്‍ത്തിച്ചെങ്കിലും അവരുടെ വഴികളെ കവി പിന്തുടര്ന്നില്ല, സ്വയം തെളിച്ച പാതയിലൂടെ ഭാരതീയ സംകൃതിയുടെ കുത്തുവിളക്കുമായ് സ്വയം വെളിച്ചം കണ്ടെത്തി പാത വെട്ടിത്തുറന്ന് യാത്ര ചെയ്ത തപസ്വിയാണ് കവി. താന്‍ ഒന്നിനേയും പിന്തുടരില്ലെന്ന് കവിയെഴുതിയിട്ടുണ്ട്.
ജീവല്‍ സാഹിത്യ പ്രസ്ഥാനം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം എന്ന നിലയില്‍ കമ്യൂണിസ്റ്റ് വത്കരിക്കപ്പെട്ട് ദേശീയതയും അതിന്റെ ബിംബങ്ങളും അവഹേളിക്കപ്പെട്ട കാലത്താണ് അക്കിത്തം തപസ്യയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. തപസ്യയുടെ അമരത്ത് മഹാകവി ഇരിക്കുമ്പോള്‍ മലയാളത്തിലെ എല്ലാ മുന്‍നിര എഴുത്തുകാരും തപസ്യ വേദിയിലെത്തിയിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാട് സംഘ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം നിരവധി ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയപ്പോള്‍ അക്കിത്തത്തിന്റെ മറുപടികള്‍ ആ വിമര്‍ശകരുടെ വാള്‍മുന തകര്‍ത്തു.
എന്നാല്‍ സംഘവുമായുള്ള ബന്ധം തന്റെ കടമയുടെ നിര്‍വ്വഹണമായാണ് കവി കണ്ടത്. ഒരഭിമുഖത്തില്‍ മഹാകവി അത് തുറന്ന് പറയുന്നത് ഇങ്ങനെ:
‘ഹിന്ദു സംഘടനകളുമായി ഞാന്‍ സഹവസിക്കുന്നുവെന്ന് എന്റെ ചില സഹ എഴുത്തുകാര്‍ എന്നെ കുറ്റപ്പെടുത്തി. ഭാരതീയ പൈതൃകം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആരുമായും ഞാന്‍ സഹകരിക്കും എന്നതാണ് വസ്തുത. രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധമുള്ള ഒരു സാംസ്കാരിക സംഘടനയായ ‘തപസ്യ’ യുടെ ചുക്കാന്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. അതിന് നേതൃത്വം നല്‍കുന്നതിലും യോഗങ്ങളില്‍ സംസാരിക്കുന്നതിലും പരിപാടികളില്‍ പങ്കെടുക്കുന്നതിലും ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. അത് എനിക്ക് രാഷ്ട്രീയം ഉള്ളതുകൊണ്ടല്ല; പക്ഷെ അത് എന്റെ കടമയായി ഞാന്‍ കരുതുന്നു. 1991-ല്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥാടനം ഞാന്‍ സങ്കല്പ്പിക്കുകയും നയിക്കുകയും ചെയ്തു – സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, എഴുത്തുകാരേയും കലാകാരന്മാരേയും കണ്ടുമുട്ടല്‍ തുടങ്ങിയവ. ഇത്തരത്തിലുള്ള ആദ്യ തീര്‍ത്ഥാടനമായിരുന്നു അത്.’
കെ.കേളപ്പനെ പോലെ സംഘവുമായ് ചേര്‍ന്നുനിന്ന് യാത്ര ചെയ്ത മഹാകവി. തന്റെ കുടുംബക്ഷേത്രത്തില്‍ സംഘശാഖ ആരംഭിക്കാന്‍ അനുമതി നല്കി. സംഘ പ്രചാരകന്മാരായിരുന്ന മാധവ്ജി, പി.പരമേശ്വരന്, എം.എ. കൃഷ്ണന് (എംഎ സര്), ആര്. സഞ്ജയന് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി. സാഹിതീസംസ്കൃതി സ്മൃതി എന്ന ലേഖന സമാഹാരത്തില്‍ ഇവരുമായുള്ള ബന്ധം കവി രേഖപെടുത്തിയിട്ടുണ്ട്.
കമ്യൂണിസത്തെ എതിര്‍ത്തു എന്നതിനാല്‍ മലയാള സാഹിത്യത്തില്‍ അപ്രഖ്യാപിത വിലക്കുകള്‍ നേരിട്ട കവിയാണ് അക്കിത്തം. 1977ല്‍ ആരംഭിച്ച വയലാര്‍ അവാര്‍ഡ് എം.പി.
വീരേന്ദ്രകുമാറിനും കെ.പി. രാമനുണ്ണിക്കും കൊടുത്ത ശേഷം, 2012 ലാണ് മഹാകവിക്ക് നല്‍കിയത്. മഹാഭാരതം പദാനുപദം വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും, രാമായണവും ഋഗ്വേദവും മലയാളത്തിലേക്ക് മൊഴിമാറ്റിയ വള്ളത്തോളിനും ശേഷം അത്തരമൊരു വിവര്‍ത്തനം അക്കിത്തത്തിന്റെ ഭാഗവതമാണ്. വൈകിയാണെങ്കിലും രാഷ്ട്രം പദ്മശ്രീയും ജ്ഞാനപീഠവും കവിക്ക് നല്കി. ഭാരതത്തില്‍ ഫാസിസം ഒരിക്കലും വരില്ല എന്നതിന് കാരണമായി അക്കിത്തം പറയുന്നത് ഹിന്ദു സംകാരത്തിന്റെ സവിശേഷതയെ പറ്റിയാണ്. ഋഗ്വേദ മന്ത്രമായ സമാനോ മന്ത്രഃ സമിതിഃ സമാനീ സമാനം മനഃ സഹ ചിത്തമേഷാം എന്ന ശ്ലോകാര്‍ത്ഥം വിശദീകരിച്ച് കവി പറയുന്നു, ഭാരതീയ ചിന്താ പദ്ധതിയില്‍ എല്ലാവരേയും കൂടെ ചേര്‍ക്കാനെ സാധിക്കു. ആരേയും തിരസ്കരിക്കാനാകില്ലെന്ന്.
ദേവായനത്തിലെ ഗാന്ധി ചിത്രത്തിനു താഴെ അക്കിത്തം എന്ന ഋഷികവി ഇന്നില്ല. ജീവിതത്തില്‍ മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചത് ഭാരതീയ സങ്കല്പങ്ങളാണ്. ഗാന്ധിയന്‍ ചിന്തകളായ സ്വദേശി ശീലങ്ങളും ഖാദിയും അഹിംസയും മഹാകവിക്ക് ജീവിത വ്രതമായിരുന്നു. ഭാഗവതഭാഷ്യക്കാരന്റെ, ഋഷികവിയുടെ, ഓര്‍മകള്‍ നിത്യപൗര്ണ്ണമിയായി മലയാള മനസില്‍ എന്നും തെളിഞ്ഞു നില്ക്കും:
ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ
രാലോചനാമൃതം തന്ന പൂവേ…
തൂവെള്ളത്താമരപ്പൂവേ നിരന്തരം
തൂവുക തൂവുക സൗരഭം നീ….’
പ്രതികരിക്കാൻ ഇവിടെ എഴുതുക: