രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനമാരംഭിച്ച് ഒരു നൂറ്റാണ്ടിലേക്ക് അടുക്കുകയാണ്. 2025 ലെ വിജയദശമിയാകുമ്പോള്‍ അതു പൂര്‍ണമാകും. കൈവിരലിലെണ്ണാന്‍ മാത്രം ചെറുപ്പക്കാരും യുവാക്കളും മധ്യവയസ്‌കരുമായി നാഗ്പൂര്‍ നഗരത്തിലെ പുരാതനമായ മോഹിതേവാഡാ കോട്ടയുടെ സമീപത്ത് കാടുപിടിച്ചു കിടന്ന സ്ഥലത്ത് സംഘസ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്ന സ്വാതന്ത്ര്യദാഹി മുന്നിട്ടിറങ്ങിയാണ് സംഘത്തിന് തുടക്കം കുറിച്ചത്. തൊണ്ണൂറ്റി ഒന്‍പതാം വര്‍ഷത്തിലേക്ക് സംഘം പ്രവേശിക്കുമ്പോള്‍ നമ്മുടെ കൊച്ചുകേരളത്തിലെ മിക്ക രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കള്‍ക്കു തങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള ‘അമ്പല ചെണ്ട’യായിത്തീര്‍ന്നിരിക്കുന്നു. തൃശ്ശിവപേരൂര്‍ പൂരം കലങ്ങിയതിനും അവര്‍ കുറ്റപ്പെടുത്തുന്നത് സംഘത്തെയാണ് എന്നതു എത്ര വിചിത്രമാണ്!
സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ അതു നിലകൊള്ളുന്ന ആദര്‍ശങ്ങളെയും തത്വശാസ്ത്രങ്ങളെയും കുറിച്ചോ ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലമായി സംഘത്തിന്റെ എളിയ പ്രവര്‍ത്തകനായി (സ്വയംസേവകനായി) കഴിഞ്ഞ കാലത്തെ ചില വ്യക്തിപരമായ ഓര്‍മ്മകള്‍ വായനക്കാരുമായി പങ്കുവയ്‌ക്കാനീയവസരം ഉപയോഗിക്കാമെന്നു കരുതുന്നു.
കേരളം തിരുവിതാംകൂര്‍, കൊച്ചി, മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ എന്നീ മേഖലകളായിക്കഴിഞ്ഞപ്പോഴാണ് സംഘം കടന്നുവന്നത്. 1942 ല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ സംഘ സ്വയംസേവകര്‍ പ്രചാരകരായി എത്തി. അതിനും മുമ്പു തന്നെ മംഗലാപുരത്തു നിന്നുമുള്ള സമ്പര്‍ക്കം മൂലം കാസര്‍കോടും ഹോസ്ദുര്‍ഗിലും ശാഖകള്‍ തുടങ്ങിയിരുന്നു. തികച്ചും അപരിചിതമായ സ്ഥലങ്ങളില്‍ സംഘമാരംഭിച്ച അഗ്രഗാമികളെ നമുക്കു ആദരവോടെ സ്മരിക്കാം.
ഞാന്‍ സംഘവുമായി ബന്ധപ്പെട്ടതു 1951 ല്‍ തിരുവനന്തപുരത്തു കോളജ് പഠനത്തിനെത്തിയപ്പോഴായിരുന്നു. അതിനു മുന്‍പ് ആര്‍എസ്എസ് ഒരു ഭീകരപ്രസ്ഥാനമാണെന്ന ധാരണ ലഭിച്ചിരുന്നു. വിശേഷിച്ചും മഹാത്മാഗാന്ധിയുടെ വധത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും അതില്‍ പ്രതികളായ നാഥൂറാം ഗോഡ്‌സേയും മറ്റും ആര്‍എസ്എസുകാരായിരുന്നുവെന്ന പ്രചാരണവും വ്യാപകമായിരുന്നതിനാല്‍. അക്കാലത്തു എം.പി. മന്മഥന്‍ സാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം മുന്‍കയ്യെടുത്ത് ഗ്രാമസ്വരാജ് എന്ന വാരിക പ്രസിദ്ധീകരിച്ചിരുന്നു. മുള്ളന്‍പന്നിയെപ്പോലെ ശരീരം നിറയെ മുള്ളുകളുമായി ഗാന്ധിജിയും അതിനെ പിടിക്കാനായി മുന്‍കയ്യുപയോഗിച്ച് മുറിവേറ്റു കരയുന്ന സിംഹമായി ആര്‍എസ്എസിനെയും ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ഗ്രാമസ്വരാജില്‍ വന്നിരുന്നു.
സംഘത്തിന്റെ ഒന്നു രണ്ടു ഗണഗീതങ്ങളും
ആ വാരികയില്‍ വന്നതായി ഓര്‍ക്കുന്നു.
”സ്വദേശം എന്നതേ ധ്യാനം
ചെയ്യും സംന്യാസിയായീടാം” എന്നതും
”സ്വാതന്ത്ര്യ സൂര്യനുദിച്ചുയര്‍ന്നൂ
ഭാരതപുത്രാ നീ ഒന്നുണരൂ” എന്നു തുടങ്ങുന്നതുമാണാ ഗാനങ്ങള്‍.
ഗാന്ധി വധക്കേസിന്റെ വിചാരണ അംബാലാ കോടതിയില്‍ ആത്മാചരണ്‍ എന്ന ന്യായാധിപന്റെ ബഞ്ചിലായിരുന്നു നടന്നത്. കോട്ടയത്തെ ‘പൗരധ്വനി’ പത്രത്തില്‍ കേസ് വിചാരണ ദിവസവും പ്രസിദ്ധം ചെയ്തുവന്നു. വിധി പ്രസ്താവിച്ച ദിവസത്തെ കോടതി നടപടികളെല്ലാം ഏറ്റവും നാടകീയമായിട്ടാണതില്‍ വന്നതും ഗോഡ്‌സേയുടെ പ്രസ്താവനയുടെ ചുരുക്കവും പൗരധ്വനിയില്‍ വന്നു. പി.സി കോരുത് എന്ന പത്രാധിപര്‍ മുഖപ്രസംഗവും എഴുതി. തുടര്‍ന്നു ഒരാഴ്ചക്കകത്തു തന്നെ ‘ഗാന്ധി വധകേസ്’ പുസ്തകമായും അദ്ദേഹം പ്രസിദ്ധീകരിച്ചു. അതു പുറത്തുവന്നപ്പോഴേക്കും ഗോഡ്‌സേയുടെ പ്രസ്താവനയും കോടതിവിധിയും പ്രസിദ്ധീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രത്യേകമായി ഉത്തരവിറക്കാത്തതിനാല്‍ കോരുതിന്റെ പുസ്തകം വില്‍പ്പന തുടര്‍ന്നു. അദ്ദേഹത്തിന്റെ വീടോ പൗരധ്വനി ഓഫീസോ ആരും ആക്രമിച്ചതായി അറിവില്ല.
ഈ സംഭവങ്ങള്‍ കഴിഞ്ഞ് നാലു കൊല്ലങ്ങള്‍ക്കുശേഷമാണ് ശ്രീഗുരുജിയുടെ തിരുവനന്തപുരം സന്ദര്‍ശനം. അപ്പോഴേക്കും സംഘം നിരോധനം നീങ്ങി ശ്രീഗുരുജി തന്റെ പര്യടനം ആരംഭിച്ചിരുന്നു. തിരുവന്തപുരത്തു ശ്രീചിത്രാ ഹിന്ദു മതഗ്രന്ഥശാലാ ഹാളില്‍ അദ്ദേഹത്തിന് സ്വീകരണമുണ്ടായി. കെ.പി.എസ്.മേനോന്റെ അനുജന്‍ കെ.പി.കെ. മേനോനായിരുന്നു സ്വാഗതസംഘാധ്യക്ഷന്‍. പരിപാടിയാരംഭിക്കുന്നതിനു മുന്‍പ് സമീപത്തു തന്നെ ശൈവ പ്രകാശം ഹാളില്‍ സ്വയംസേവകരുടെ ബൈഠക് ഉണ്ടായിരുന്നു. തിരുവനന്തപുരത്തെയും നാഞ്ചിനാട്ടേയും സ്വയംസേവകര്‍ പങ്കെടുത്തു. ഓരോരുത്തരേയും അദ്ദേഹം പരിചയപ്പെട്ടു. പത്തുമിനിട്ട് അദ്ദേഹം സംസാരിച്ചു. അതിന്റെ അര്‍ത്ഥം എനിക്കു പിടികിട്ടിയില്ല. തുടര്‍ന്ന് സ്വീകരണത്തിലും പോയി. അവിടത്തെ പ്രസംഗവും എനിക്കു ”പൊതിയാത്തേങ്ങ” തന്നെയായിരുന്നു. പക്ഷേ മഹര്‍ഷി തുല്യവും പ്രസന്നവുമായ ആ മുഖം മനസ്സില്‍ ഒരിക്കലും മായാത്തവിധം പതിഞ്ഞു.
തുടര്‍ന്ന് ഓരോ വര്‍ഷവും ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പഠനത്തിനുശേഷം ഗുരുവായൂര്‍ പ്രചാരകനായിരിക്കെയാണ് എന്റെ ദ്വിതീയവര്‍ഷ പരിശീലനം. ഗുരുവായൂരിലെ മാത്രമല്ല പരമേശ്വര്‍ജിയുടെ ചുമതലയിലുണ്ടായിരുന്ന എറണാകുളം, തൃശ്ശിവപേരൂര്‍ ജില്ലകളിലെ (അന്നു സര്‍ക്കാര്‍ ജില്ലകളായിട്ടില്ല) സ്വയംസേവകരുടെ പ്രമുഖ് ആയി ഞാന്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ശിക്ഷാര്‍ത്ഥികളെ മുഴുവന്‍ ശ്രീഗരുജി വിശദമായി പരിചയപ്പെടുമായിരുന്നു. എന്റെ ഊഴം വന്നപ്പോള്‍ ഗുരുവായൂരാണെന്നു പരിചയപ്പെടുത്തി. ”ഓ ഗുരുവായൂരപ്പാ!” എന്നാണഭിപ്രായപ്പെട്ടത്. ഗുരുവായൂരില്‍ ”സ്‌റ്റെഡി”യാണോ സംഘപ്രവര്‍ത്തനം’ എന്ന ചോദ്യത്തിന് ‘ഇറ്റ് ഇസ് ബിക്കമിങ്ങ് സ്റ്റെഡി’ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും മറ്റു പല മുതിര്‍ന്നവരും ചിരിച്ചു. ‘ദാറ്റ് മിന്‍സ് നോട്ട് പ്രോഗസ്സിങ്ങ്’ എന്നു വീണ്ടും ചോദിച്ചപ്പോഴാണ് സ്റ്റെഡി എന്നതിന് നിശ്ചലം എന്നാണ് ഒരു താല്‍പ്പര്യം എന്നു ബോധമുദിച്ചത്. ശ്രീഗുരുജിയുടെ ഓരോ വാക്കും പ്രയോഗിക്കുന്നതു അളന്നും തൂക്കിയുമായിരിക്കും. അവയുടെ അര്‍ത്ഥതലങ്ങള്‍ നമ്മെ അമ്പരിപ്പിക്കുമായിരുന്നു.
മറ്റൊരവസരവും മറക്കാതെ മനസ്സില്‍ നില്‍ക്കുന്നു. 1967 ലെ സംഘശിക്ഷാ വര്‍ഗ് പാലക്കാട്ടായിരുന്നു. അതിനുശേഷം ഭാരതീയ ജനസംഘത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി ഞാന്‍ നിയോഗിക്കപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ ആ ചുമതലയിലായിരുന്ന ആര്‍.വേണുഗോപാല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിനു നല്‍കപ്പെട്ടു. തുടര്‍ന്ന് ഞാന്‍ ചങ്ങനാശ്ശേരിയില്‍നിന്നു കോഴിക്കോട്ടെത്തി തികച്ചും നൂതനമായ കളത്തിലിറങ്ങി. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് എറണാകുളത്ത് സുകൃതീന്ദ്ര കലാ മന്ദിരത്തില്‍ പ്രചാരകന്മാരുടെ പരിപാടിയില്‍ ശ്രീഗുരുജി പങ്കെടുത്തു. അവിടെയും പതിവുപോലെ വിശദമായി പരിചയ ബൈഠക് ഉണ്ടായി. സംഘചുമതലയുണ്ടായിരുന്നവര്‍ കഴിഞ്ഞ് ഞാന്‍ പരിചയപ്പെട്ടു. ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശി എന്നു പറഞ്ഞുടന്‍ അദ്ദേഹം അമ്പരപ്പു നടിച്ചുകൊണ്ട് ”വാട്ട് എ ഫാള്‍ മൈ കണ്‍ട്രിമെന്‍!” എന്ന് പറഞ്ഞ് ഒരു പൊട്ടിച്ചിരി. ഷേക്‌സ്പിയറുടെ ജൂലിയസ് സീസര്‍ നാടകത്തില്‍ സഹപ്രവര്‍ത്തകരായ സെനറ്റര്‍മാരുടെ കുത്തേറ്റു വീണുകിടക്കുന്ന സീസറെപ്പറ്റി മാര്‍ക്ക് ആന്റണി പറയുന്നതാണീ വാചകം. എനിക്കാകെ അമ്പരപ്പായി. സംഘപ്രവര്‍ത്തനത്തിനു കൊള്ളരുതാത്തവനായി പുറംതള്ളിയതാണോ എന്നുവരെ ചിന്തിച്ചു. ആശ്വസിപ്പിക്കാന്‍ മാധവ്ജിയും ഭാസ്‌കര്‍റാവുവും മാത്രമല്ല ശ്രീഗുരുജിയും സന്തതസഹചാരി ഡോ.ആബാജിഥത്തേയും ഉണ്ടായിരുന്നു.
ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ സ്ഥലത്തുള്ള പ്രചാരകന്മാര്‍ ഒപ്പമിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം (1968 ലോ 69 ലോ എന്നുറപ്പില്ല) ശ്രീഗുരുജിയുടെ കോഴിക്കോട് സന്ദര്‍ശനവേളയില്‍ ആതിഥേയന്‍ അളകാപുരി ഹോട്ടലിന്റെ ഉടമ രാധാകൃഷ്ണനായിരുന്നു. പന്നിയങ്കരയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എല്ലാ സൗകര്യങ്ങളും ചെയ്തു. ശ്രീഗുരുജിക്കു പുറമേ അണ്ണാജിയും പ്രാന്തസംഘചാലക് എന്‍.ഗോവിന്ദ മേനോനുമുണ്ടായിരുന്നു. ഉച്ചയ്‌ക്കു ഊണിനിരുന്നപ്പോള്‍ ശ്രീഗുരുജിയുടെ ഇലയില്‍ വിളമ്പുമ്പോള്‍ എന്താണ് വിഭവം എന്നുപറയണമെന്ന് ആതിഥേയനെ അറിയിച്ചിരുന്നു. വിളമ്പിയ വിഭവം മുഴുവനായും അദ്ദേഹം കഴിക്കുമെന്നതിനാല്‍ അനിഷ്ടകരമായത് ശ്രദ്ധിക്കണമായിരുന്നു. അന്നുറയൊഴിച്ച് ഒട്ടുംപുളിയില്ലാത്ത തൈരു തന്നെ വിളമ്പി. അതെടുത്തപ്പോള്‍ ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചതാകയാല്‍ അദ്ദേഹം താഴെവച്ചു. സാധാരണ തൈരില്ലായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ശ്രീഗുരുജി വിഭവങ്ങളും ചോറും മുഴുവന്‍ കഴിച്ചു. അനിഷ്ടമോ അതൃപ്തിയോ ലേശംപോലും പ്രദര്‍ശിപ്പിക്കാതെ അദ്ദേഹം വിശ്രമിക്കാന്‍ പോയി. ആതിഥേയന്‍ രാധാകൃഷ്ണനും എനിക്കും അത് ഏറെക്കാലം മനസ്സില്‍ ഉടക്കിക്കിടന്നു.
അവിടെ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ അലക്കി ഉണക്കിയെടുക്കുന്നതിനിടയില്‍ ജൂബയുടെ കീശയില്‍നിന്ന് കിട്ടിയ തുണ്ടില്‍ എന്റെ അച്ഛന്റെ പേര്‍ എഴുതിയതായി കണ്ടു. തലേന്ന് എറണാകുളത്തെ പരിപാടിയില്‍ സംഘചാലകന്മാരായി ഗുരുജി പ്രഖ്യാപിക്കേണ്ടിയിരുന്നവരുടെ ലിസ്റ്റായിരുന്നു അത്. മാധവ്ജി ”സംഘചാലകസ്യ പുത്രഃ” എന്നുവിളിച്ചു ഒരഭിനന്ദനവും തന്നു.
സംഘത്തെ മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം നിരവധി പ്രതിസന്ധികളിലൂടെ വിജയകരമായി നയിച്ച മഹാത്മാവായിരുന്നു ശ്രീഗുരുജി. അദ്ദേഹവുമായി ഇടപെടാനുണ്ടായ ഏതാനും അവസരങ്ങള്‍ ജന്മഭൂമി വായനക്കാരുമായി പങ്കുവയ്‌ക്കുകയായിരുന്നു. നൂറ്റാണ്ട് തികയ്‌ക്കുന്ന സംഘത്തിന് അവിസ്മരണീയനായ വഴികാട്ടിയും ഗുരുവുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: