കൊച്ചി: ജനകീയജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍.
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് അവ ജനകീയ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. രാജ്യം മുഴുവന്‍ തീറെഴുതിയെടുക്കാന്‍ ഉതകുന്ന, കിടപ്പാടംപോലും നഷ്ടപ്പെടുത്തുന്ന ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്.
കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ് നിയമത്തിന് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്‌ട്രീയം ഏറെ വിചിത്രവും രാഷ്‌ട്രീയ അന്ധതയും, കാപഠ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്പിച്ചത് നിര്‍ഭാഗ്യകരമാണ്. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവര്‍ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്‌ക്ക് വീഴുന്നുവെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാസാമാജികരുടെ വഖഫ് പ്രമേയ നടപടി.
സംസ്ഥാനത്തെ ഇടത് വലതു ജനപ്രതിനിധികളുടെ യഥാര്‍ത്ഥമുഖം തിരിച്ചറിയാന്‍ ജനദ്രോഹ വഖഫ് നിയമത്തിന്റെ ഭേദഗതിക്കെതിരെയുള്ള അവരുടെ നിലപാട് കേരള സമൂഹത്തിന് അവസരം തന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ രാഷ്‌ട്രീയ അടിമത്വത്തില്‍ ജനങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കുരുതികൊടുക്കുന്നവരായി ജനപ്രതിനിധികള്‍ അധഃപതിക്കരുത്. വഖഫ് നിമയഭേദഗതി ബില്ലിനെതിരെയുള്ള പ്രമേയത്തില്‍ നിന്ന് മനഃസാക്ഷിയുള്ള എംഎല്‍എമാര്‍ പിന്മാറി നിലപാട് തിരുത്തണമെന്നും പ്രമേയത്തിന്മേല്‍ തുടര്‍നടപടികള്‍ക്ക് ശ്രമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: