കൊല്ലം: സാംസ്കാരിക ശോഭയുടെ പ്രതികങ്ങളാകാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടതെന്ന് വനിതാ കമ്മിഷന് മുന്‍ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ജെ. പ്രമീളാദേവി. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന വനിതാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അധ്യാപകവൃത്തി ഏറ്റവും മഹത്തരമാണ്. മറ്റെല്ലാ മേഖലയിലുള്ള മഹത്തുക്കളെ സൃഷ്ടിക്കുന്നത് അധ്യാപകരാണ്. എന്നാല്‍ പലപ്പോഴും ആ മഹത്വം തിരിച്ചറിയപ്പെടുന്നില്ല. മാറിയ കാലഘട്ടത്തില്‍ മൂല്യബോധമുള്ള വിദ്യാഭ്യാസം നല്കാന് അധ്യാപകര്‍ക്കു സാധിക്കണം. ഒരു വ്യക്തിയുടെ ആന്തരികമായ വളര്‍ച്ചയ്ക്ക് എന്തു സംഭാവന നല്കുന്നു എന്ന് നമ്മള് ചിന്തിക്കണം. നാം ജീവിക്കുന്നത് മാറിയ കാലഘട്ടത്തിലാണ്. മാറ്റങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ചിലത് നഷ്ടപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഇതിന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ട്.
വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഭൗതികനേട്ടങ്ങള്ക്കപ്പുറം ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് മനസ്സിലാക്കി നല്കുവാന് അധ്യാപകര്ക്കാകണമെന്നും ഡോ. പ്രമീള ദേവി പറഞ്ഞു.
കുഴിയം ശക്തിപാദ അദൈ്വതാശ്രമം സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ തനത് സംസ്കൃതി നിലനില്‍ക്കണം എന്ന കാഴ്ചപ്പാടോടെ അധ്യാപകര്‍ പ്രവൃത്തിക്കണം. സമാജത്തെ രൂപപ്പെടുത്തുന്നതില്‍ വളരെയേറെ പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. ധര്‍മബോധത്തെ വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്കാന് സാധിക്കണമെന്നും സ്വാമിനി
പറഞ്ഞു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാമായണ മാസാചരണ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗോപകുമാര്‍ വിതരണം ചെയ്തു.
എന്‍ടിയു വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ എ. സുചിത, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, ട്രഷറര്‍ കെ.കെ. ഗിരീഷ്കുമാര്‍, വൈസ് പ്രസിഡന്റ് കെ. സ്മിത, സെക്രട്ടറി കെ.വി. ബിന്ദു, സംസ്ഥാന വനിതാ വിഭാഗം ജനറല്‍ കണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന വനിതാ ശക്തീകരണത്തില്‍ കോര്‍പറേറ്റ് ട്രെയിനറും കൗസിലിങ് സൈക്കോളജിസ്റ്റും ആയ എസ്. സുരേഷ് കുമാര്‍ ക്ലാസ് നയിച്ചു. സിനി കൃഷ്ണപുരി, ഗിരിജദേവി എസ്, ഐശ്വര്യ പി.എസ്, എസ്.കെ ദിലീപ് കുമാര്‍, എ. അനില്‍കുമാര്‍, കെ.ആര്. സന്ധ്യകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം സര്‍ഗവേളയില്‍ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ജയശ്രീ ഉണ്ണി കൃഷ്ണന്, സോജ, ദിവ്യ. എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: