ന്യൂദല്‍ഹി: ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷയായി വിജയ രഹത്കറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
ബംഗാളില്‍ നിന്നുള്ള ഡോ. അര്‍ച്ചന മജുംദാറിനെ കമ്മിഷന്‍ അംഗമായും നിയമിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ് തികയുന്നത് വരെയോ ഇരുവര്‍ക്കും ചുമതലയില്‍ തുടരാം. അധ്യക്ഷയായിരുന്ന രേഖാ ശര്‍മ്മയുടെ കാലാവധി ആഗസ്ത് ആറിന് അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിജയ രഹത്കര്‍ നേരത്തെ മഹാരാഷ്‌ട്ര വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്സണായിരുന്നു.
സേവനത്തിലൂടെ ജനപ്രിയമായതാണ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി നിയോഗിക്കപ്പെട്ട വിജയ രഹത്കറുടെ പൊതുജീവിതം. 2016 മുതല്‍ 2021 വരെയാണ് മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണായി വിജയ രഹത്കര്‍ പ്രവര്‍ത്തിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് പിന്തുണ നല്കുന്ന സക്ഷമ, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി സ്വയംസഹായ സംഘങ്ങളെ ബന്ധിപ്പിക്കുന്ന പ്രജ്വല, സ്ത്രീകള്‍ക്കുള്ള 24*7 ഹെല്‍പ്പ് ലൈന്‍ സേവനമായ സുഹിത തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കിയാണ് വിജയ മഹാരാഷ്‌ട്രയുടെ മനം കവര്‍ന്നത്. പോക്സോ, ട്രിപ്പിള്‍ തലാഖ് വിരുദ്ധ സെല്ലുകള്‍, മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിയമ പരിഷ്‌കരണങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചു. ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ അവതരിപ്പിക്കുകയും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ‘സാദ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
2007 മുതല്‍ 2010 വരെ ഛത്രപതി സംഭാജിനഗര്‍ മേയറായിരുന്ന വിജയ ആരോഗ്യ സംരക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വികസന പദ്ധതികള്‍ നടപ്പാക്കി. ഇക്കാലത്ത് മഹാരാഷ്‌ട്ര മേയര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ മേയര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയും രാജസ്ഥാന്റെ സഹപ്രഭാരിയുമാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ ഉപദേശക ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ്, മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.
പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും രഹത്കര്‍ നേടിയിട്ടുണ്ട്. വിധി ലിഖിത്, ഔറംഗബാദ്: ലീഡിങ് ടു വൈഡ് റോഡ്സ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനുള്ള സംഭാവനകള്‍ക്ക് ദേശീയ നിയമ അവാര്‍ഡും ദേശീയ സാഹിത്യ സമിതിയുടെ സാവിത്രിഭായ് ഫൂലെ അവാര്‍ഡും അവരെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക