തിരുവനന്തപുരം: ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു പേര്‍ പ്രായത്തെ തോല്‍പിച്ചു. ഒരാള്‍ 64ാം വയസ്സില്‍ എംബിബിഎസ് പാസായ റിട്ട. ബാങ്കുദ്യോഗസ്ഥനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനെത്തി യുവാക്കളെ തോല്‍പിച്ച് ജോലി നേടിയെടുത്ത 70കാരനാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ച ജയ് കിഷോര്‍ പ്രധാന്‍ 64ാം വയസ്സില്‍ നീറ്റ് പരീക്ഷ എഴുതി പാസായി. എംബിബിഎസിന് സെലക്ഷന്‍ കിട്ടി. ഒഡിഷയില്‍ നിന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരായ ജയ് കിഷോര്‍ പ്രധാന്‍ പരമ്പരാഗത പ്രായസങ്കല്‍പങ്ങളെ വെല്ലുവിളിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്. ഒരു ഡോക്ടറാകണം എന്നത് ജയ് കിഷോര്‍ പ്രധാന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു. ബാങ്കില്‍ നിന്നും വിരമിച്ച ശേഷം നീറ്റ് പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഓണ്‍ലൈനായി ഒരു കോച്ചിംഗ് സെന്‍ററില്‍ ചേര്‍ന്ന് ചിട്ടയോടെ പഠിച്ചു ജയ് കിഷോര്‍ പ്രധാന്‍. വീടിന്റെ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പഠനം തുടര്‍ന്നു. അത് ഫലവത്തായി. റിസള്‍ട്ട് വന്നപ്പോള്‍ പരീക്ഷ ഉയര്‍ന്ന റാങ്കില്‍ ജയിച്ചു. വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍റ് റിസര്‍ച്ചില്‍ (വിംസാര്‍) എംബിബിഎസിന് പ്രവേശനം ലഭിച്ചു. അങ്ങിനെ തന്റെ ജീവിതയാത്രയിലെ വലിയൊരു നാഴികക്കല്ല് അദ്ദേഹം താണ്ടി.
നിശ്ചയദാര്‍ഢ്യം കൈമുതലാക്കി ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചനാണ് പ്രായത്തെ തോല്‍പിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ച രണ്ടാമന്‍. . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന് മോഹം. ലുലുവില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ അപേക്ഷിച്ചു. ഇദ്ദേഹത്തിന് വയസ്സ് 70 ആണ്. 5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസിനെ പലരും അഭിനന്ദിക്കുകയാണ്. ജീവിതത്തില്‍ ജയിക്കാന്‍ അത് മതിയെന്നും പലരും കമന്‍റ് ചെയ്യുന്നു. എന്തായാലും ആ വല്യപ്പൂപ്പന് ജോലി നല്‍കാന്‍ ലുലു തീരുമാനിച്ചു. യുവാക്കളെ തോല്‍പിച്ച് 70 കാരന്‍ ലുലുവില്‍ ജോലി നേടിയെടുത്തു.
നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയ ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതായി ഈ വിജയ കഥകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക