കോട്ടയം: ഇത്രയും കാലം സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന പി സരിനെ ഉള്‍ക്കൊള്ളുന്നതില്‍ ന്യായീകരണവുമായി സഖാക്കള്‍ രംഗത്തെത്തി. സരിന്റെ കാലുമാറ്റത്തിന്റെ അടിസ്ഥാനം രാഷ്‌ട്രീയമാണെന്നും അങ്ങനെ മാറുന്നവരെ ഉള്‍ക്കൊള്ളുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുമതലയാണെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അണികള്‍ക്ക് നല്‍കുന്ന ക്യാപ്‌സ്യൂള്‍. കാലുമാറ്റക്കാരെ ഉള്‍ക്കൊള്ളുന്നത് തങ്ങളുടെ ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്തുകൊണ്ട് കാലു മാറി എന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറയേണ്ട ചോദ്യമാണ്. കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമടക്കം ഇടതുപക്ഷത്തെ വിമര്‍ശിച്ചവരെല്ലാം പിന്നീട് ഞങ്ങളുടെ ഭാഗമായി മത്സരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു.
അതേസമയം സിപിഎം ഏത് ദുര്‍ഘടസന്ധിയില്‍ പെടുമ്പോഴും ന്യായീകരിക്കാന്‍ ഓടിയെത്തുന്ന കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍, രഹസ്യത്തിന്റെ ഉള്ളറകളുടെ ഒരു കാവല്‍ക്കാരനാണ് സരിന്‍ എന്ന് വിശേഷിപ്പിച്ചു. കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുന്നതാണ് മാര്‍ക്‌സിസവും ലെനിനിസവും എന്നാണ് വ്യാഖ്യാനം. 1970 മുതല്‍ 80 വരെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ അന്തരീക്ഷവും സര്‍ക്കാരുമായിരുന്നു. കേരളത്തില്‍ അന്ന് എ കെ ആന്റണിയെ ഒപ്പം കൂട്ടിയാണ് അത് പൊട്ടിച്ചതെന്നും ബാലന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: