മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ ബോളിവുഡ് താരം സല്മാന് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്ണോയ് ഗുണ്ടാസംഘത്തില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്നാണിത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചത് കൂടാതെ താരം പുതിയ ബുള്ളറ്റ് പ്രൂഫ് എസ്യുവിയും വാങ്ങി. രണ്ടുകോടി രൂപ വിലമതിക്കുന്ന നിസാന്റെ പെട്രോള്‍ എസ്യുവിയാണ് താരം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ്യില് നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതാണ് ഈ വാഹനം.
ശത്രുത അവസാനിപ്പിക്കണമെങ്കില്‍ സല്മാന് ഖാന് അഞ്ച് കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. മുംബൈ പോലീസിന് ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍പ്പെട്ട ഒരാളാണ് സന്ദേശം കൈമാറിയത്.
സല്മാന് ഖാന്റെ അടുത്ത സുഹൃത്താണ് കഴിഞ്ഞദിവസം ബിഷ്ണോയി സംഘത്തിന്റെ വെടിയേറ്റ് മരിച്ച മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖി. താരവുമായുള്ള അടുപ്പമാണ് സിദ്ദിഖിയെ ലക്ഷ്യമിട്ടതിന് പിന്നിലെന്ന് കൊലപാതകത്തിന് ശേഷം ബിഷ്ണോയി സംഘം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
അതേസമയം സല്മാന് ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായി കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. 60 മുതല്‍ 70 വരെ ആളുകളാണ് സല്മാന് ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: