Kerala

പി എഫ് ഐ ഹവാല കേസ്: 5 പേർ കാപ്പന്റെ കൂട്ടുപ്രതികൾ

Published by

മഞ്ചേരി: സത്യസരണി ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിന്റെ 62 കോടി രൂപയുടെ സ്വത്തുകൾ കണ്ടു കെട്ടിയ ഇഡി കേസിനു വഴി തുറന്നത് സിദ്ദിഖ് കാപ്പൻ പ്രതിയായ ഹത്രാസ് കലാപ ഗൂഡാലോചന കേസ്.

ഇഡിയുടെ പോപ്പുലർ ഫ്രണ്ട് ഹവാല കേസിൽ പ്രതികളായ 26 പേരിൽ അഞ്ചു പേർ ഹത്രാസ് കേസിൽ കാപ്പന്റെ കൂട്ടുപ്രതികളാണ്. ഹവാല കേസ് അറസ്റ്റിന്റെ നാൾവഴിയിലൂടെ ഇഡി വെളിപ്പെടുത്തിയതും ഹത്രാസ് കേസ് ബന്ധമാണ്.

കാപ്പന്റെ കൂട്ടുപ്രതികളായ റൗഫ് ഷെരീഫ്, അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ്, അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണ് ഹവാല കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഹത്രാസ് കലാപ കേസിൽ യുപി പൊലീസ് 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റു ചെയ്ത സിദ്ദിഖ് കാപ്പനെ ഇഡി സംഘം ജയിലിൽ ചോദ്യം ചെയ്തപ്പോഴാണ് ഹത്രാസ് മിഷനു പണം അയച്ച അഞ്ചൽ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയുമായ റൗഫ് ഷെരീഫിനെ കുറിച്ച് വിവരം കിട്ടിയത്. ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ റൗഫിനു നോട്ടീസ് കൊടുത്തപ്പോൾ കോവിഡ് ആണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. കുടുങ്ങുമെന്നു പേടിച്ച് ഗൾഫിലേക്ക് മുങ്ങാൻ ശ്രമിച്ച റൗഫിനെ 2020 ഡിസംബർ 12 നു തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇഡി അറസ്റ്റു ചെയ്തു.

റൗഫിനെ ഇഡി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പിഎഫ്ഐയുടെ ഹവാല ശൃംഗലയുടെ ചുരുൾ നിവർന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള 13,000 പി എഫ് ഐ പ്രവർത്തകരുടെ എൻആർഐ അക്കൗണ്ടുകൾ മുഖേനയാണ് പി എഫ് ഐ ഖത്തർ ഫണ്ട് ഇന്ത്യയിലേക്ക് അയച്ചിരുന്നതെന്നു വെളിപ്പെട്ടു. ഗൾഫ് അക്കൗണ്ടുകൾ ഇഡി നിരീക്ഷണത്തിലായതോടെയാണ് പി എഫ് ഐ സ്വർണക്കടത്തിനു കൂടുതൽ പ്രാധാന്യം നൽകിയത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ് എന്നിവരാണ് തന്റെ ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചിരുന്നതെന്ന റൗഫിന്റെ മൊഴി നിർണായകമായി. ഇവരെ രഹസ്യമായി നിരീക്ഷിച്ച ഇഡി പി എഫ് ഐ യുടെ ഫണ്ട് നിക്ഷേപിക്കുന്ന രഹസ്യ മാർഗങ്ങൾ കണ്ടെത്തി. 2022 മാർച്ചിൽ അബ്ദുൽ റസാഖിനെയും ഏപ്രിലിൽ എം.കെ. അഷ്റഫിനെയും ഇഡി അറസ്റ്റു ചെയ്തു. റിയൽ എസ്റ്റേറ്റ് മുതൽ ദുബായ് ഡാൻസ് ബാർ വരെയായി പി എഫ് ഐ ഫണ്ട് നിക്ഷേപങ്ങൾ വെളിപ്പെട്ടു.

ഹത്രാസിൽ സ്ഫോടനങ്ങൾക്കു പദ്ധതിയിട്ടിരുന്ന പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും കുടുങ്ങിയത് സിദ്ദിഖ് കാപ്പന്റെയും റൗഫിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ്. പി എഫ് ഐ ഹിറ്റ് സ്ക്വാഡ് പരിശീലകരായ ഇരുവരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പി എഫ് ഐ ആയുധ പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള പണം അതാതു സംസ്ഥാനങ്ങളിലെ പി എഫ് ഐ പ്രവർത്തകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിരുന്നത് റൗഫ് ഷെരീഫാണ്.

ഇന്ത്യയിൽ ജിഹാദിലൂടെ ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാനുള്ള പി എഫ് ഐ പദ്ധതി അന്വേഷണ ഏജൻസികൾക്കു കണ്ടെത്താൻ വഴിയൊരുക്കിയത് ഹത്രാസിൽ യു പി പൊലീസ് പുലർത്തിയ ജാഗ്രതയാണ്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്. ഇതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കര്‍ക്കശമാക്കിയത്. കര്‍ണാടക, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂര്‍ തുടങ്ങി 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. കൃത്യമായ ഉറവിടം കണ്ടെത്തല്‍ വിഷമകരമാണെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, മലപ്പുറം മഞ്ചേരി സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്‌ലാം സഭ, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നു. ഇതിൽ സത്യസരണി വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by