Editorial

നീതിദേവത കണ്ണ് തുറക്കുമ്പോള്‍

Published by

നീതി ദേവതാ ശില്‍പ്പത്തിന്റെ കണ്ണുകള്‍ തുറക്കാനുള്ള തീരുമാനം, ഭാരതീയരെന്നല്ല ലോകത്തെ ഏതു ജനവിഭാഗവും അംഗീകരിക്കുന്നതാണ്. നീതിക്ക് അഥവാ നിയമത്തിന് കണ്ണില്ല എന്നത്, നിയമം എല്ലാം കാണുന്നുണ്ട് എന്ന് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു. കാണണമെങ്കില്‍ കണ്ണ് തുറന്നുതന്നെ ഇരിക്കണം. അടച്ച കണ്ണിനു മുന്നില്‍ ഒന്നും തെളിയില്ലല്ലോ. കാണാത്ത കണ്ണിന് ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയില്ല. ശരിയായ നിയമ പരിരക്ഷ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ശരിയേയും തെറ്റിനേയും വേര്‍തിരിക്കുകതന്നെ വേണം. ഈ സത്യം ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഭാരതം വേണ്ടിവന്നു എന്നത്, നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ മഹത്വം വ്യക്തമാക്കുന്നു.

വേറൊരുതരത്തില്‍ പറഞ്ഞാല്‍, നിയമത്തിന്റെ ലോകത്തേയ്‌ക്കും നിയമപാലനത്തിന്റെ രംഗത്തേയ്‌ക്കും ലോകത്തിന്റെ കണ്ണ് തുറപ്പിക്കുകയാണ് ഭാരതം ചെയ്യുന്നത്. ഭാരതത്തിന്റെ ജനാധിപത്യം ഈ നാടിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ അടിത്തറയില്‍ ഊന്നി നില്‍ക്കുന്നതാകണം എന്ന ആര്‍എസ്എസ് സര്‍ സംഘ ചാലകിന്റെ ബൗദ്ധിക്കിലെ സൂചനയുമായി ചേര്‍ന്നു നില്‍ക്കുന്നതാണിത്.

ആ നീതിദേവതയുടെ കൈയില്‍ വേണ്ടത് വാളല്ല, ഭരണ ഘടനയാണ് എന്ന കണ്ടെത്തല്‍ ഇതേ ചിന്താധാരയോട് ചേര്‍ന്നു നില്‍ക്കുന്നു. രാഷ്‌ട്രത്തിന്റെ നിയമ സംഹിത രൂപം പ്രാപിക്കുന്നത് ആ രാഷ്‌ട്രത്തിന്റെ ഭരണഘടനയില്‍ നിന്നാണ്. സ്വസ്ഥമായ സമൂഹ ജീവിതം യാഥാര്‍ത്ഥ്യമാകുന്നത് ഓരോരുത്തരുടേയും സ്വയംനിയന്ത്രണത്തില്‍ നിന്നാണ്. വ്യക്തിസ്വാതന്ത്ര്യം എന്നാല്‍ ആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലല്ലോ. എല്ലാവരുടേയും സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഓരോരുത്തരുടേയും സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടണം എന്ന യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിന്തയില്‍നിന്നാണ് സന്തുഷ്ടമായ സമൂഹം രൂപപ്പെടുന്നത്. ആ ചിന്തകളുടെ അടിത്തറ ഭരണഘടനയാണ്. അത് സാമാന്യജനം മാത്രമല്ല, ഭരണഘടനയേയും നിയമങ്ങളേയും വ്യാഖ്യാനിക്കുന്നവരും ഉള്‍ക്കൊള്ളണം. അപ്പോഴാണ് നീതിദേവതയുടെ കണ്ണുകള്‍ പൂര്‍ണമായും തുറക്കപ്പെടുന്നത്. അതായത്, ആ ശില്‍പ്പത്തിലൂടെ നാം തുറന്നത് നിയമ സംരക്ഷകരുടേയും അവരെ നിയന്ത്രിക്കുന്നവരുടേയും കണ്ണുകളാണ്. കൊളോണിയല്‍ ഭരണം അടച്ചുവച്ച നിയമത്തിന്റെ കണ്ണുകള്‍ ഈ സര്‍ക്കാര്‍ തുറന്നിരിക്കുന്നു. അത് ചെയ്തത് പ്രത്യക്ഷത്തില്‍ ഇപ്പോഴാണെങ്കിലും വര്‍ഷങ്ങള്‍ക്കുമുന്‍പേ അത് സംഭവിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ അഴിമതിലേശമില്ലാത്ത ഭരണം ആ തുറന്ന കണ്ണുകളുടെ വ്യക്തമായ ദൃഷ്ടാന്തമായി നില്‍ക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by