മുള്‍ട്ടാന്‍: നീണ്ട 11 മത്സരങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം കണ്ട് പാകിസ്ഥാന്‍. നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 152 റണ്‍സിന്റെ വിജയമാണ് നേടിയത്. ഇതോടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 1-1 സമനിലയിലായി.
സ്‌കോര്‍: പാകിസ്ഥാന്‍- 366, 221; ഇംഗ്ലണ്ട്- 291, 144/10(33.3 ഓവറുകള്‍)
മുള്‍ട്ടാനില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സുമായാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. രാവിലത്തെ സെഷനില്‍ തന്നെ മത്സരം അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള എട്ട് വിക്കറ്റുകള്‍ വെറും 23 ഓവറിനുള്ളില്‍ വീണു. സ്പിന്നര്‍മാരായ സാജിദ് ഖാനും നോമാന്‍ അലിയും ചേര്‍ന്നാണ് ഇംഗ്ലീഷ് നിരയെ കടപുഴക്കിയത്.
പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ നോമാന്‍ അലി എട്ടും സാജിദ് രണ്ടും വിക്കറ്റുകളാണ് നേടിയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇരുവരും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ മൂഴുവന്‍ വിക്കറ്റുകളും വീഴ്‌ത്തിയത്. സാജിദ് ഖാന്‍ ഏഴും നോമാന്‍ മൂന്നും വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. രണ്ട് സ്പിന്നര്‍മാര്‍ ചേര്‍ന്ന് മത്സരത്തിലെ 20 വിക്കറ്റുകളും സ്വന്തമാക്കുകയെന്ന അപൂര്‍വ്വ നേട്ടമാണ് ഇരുവരും കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് രണ്ട് പേര്‍ ചേര്‍ന്ന് മത്സരത്തിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തിലൊരു മത്സരം നടന്നിട്ടുള്ളത് അര നൂറ്റാണ്ട് മുമ്പാണ്. 1972ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ന്യൂസിലന്‍ഡ് ഇതിഹാസ താരം ഡെനിസ് ലില്ലിയും(നാല്) ബ്രൂസ് മാസിയും(16) ചേര്‍ന്നാണ് മത്സരത്തിലെ എല്ലാ വിക്കറ്റുകളും വീഴ്‌ത്തിയത്. അന്നും ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍.
ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായ സ്ഥിതിയിലാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഓലീ പോപ്പിനെ പുറത്താക്കി സാജിദ് തുടങ്ങി. പിന്നീട് നോമാന്‍ അലിയുടെ സ്പിന്നിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഒന്നൊന്നൊയി വീണുകൊണ്ടിരുന്നു. നായകന്‍ ബെന്‍ സ്‌റ്റോക്‌സ്(37) മാത്രമാണ് പൊരുതി നിന്നത്. ബ്രൗഡോന്‍ കാഴ്‌സെ(27) പിന്തുണയേകിയെങ്കിലും ഉറപ്പായ തോല്‍വിയിലേക്ക് ഇംഗ്ലണ്ട് അതിവേഗം അടുത്തുകൊണ്ടിരുന്നു.
പാകിസ്ഥാന് വേണ്ടി രണ്ട് സ്പിന്നര്‍മാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി ഏഴ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച സാജിദ് ഖാന്‍ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: