കാബൂള്‍: ഇരുനുറ്റമ്പതിലധികം അഫ്ഗാന് കുടിയേറ്റക്കാരെ ഇറാന്റെ അതിര്‍ത്തി സേന വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 12ന് രാത്രി അതിര്‍ത്തി പ്രദേശമായ കല്‍ഗാന്‍ സരവനിലായിരുന്നു സംഭവം. പാകിസ്ഥാന്റെ അതിര്‍ത്തിയിലൂടെ ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്വേഷണം ആരംഭിച്ചതായി താലിബാന് അറിയിച്ചു. ഇത്തരമൊരു സംഭവം സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷം അവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് എക്സില്‍ കുറിച്ചു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എത്ര പേര് കൊല്ലപ്പെട്ടെന്ന കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. 300 പേരടങ്ങിയ സംഘമാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 50 താഴെ ആളുകള്‍ മാത്രമാണ് ജീവനോടെയുള്ളതെന്നും ഇറാന് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് (ഹല്‍വാഷ്) റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കാബൂളിലെ ഇറാന്റെ അംബാസഡര്‍ ഹസന് കസെമി കോമി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് നിയമോപദേശം നല്കുന്ന സംഘമായ ഹല്വാഷാണ് ആക്രമണത്തിന്റെ കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നാണ് ഇവരുടെ വാദം. തോക്കുകളും റോക്കറ്റുകളില്‍ ഗ്രനേഡുകള്‍ നിറച്ചുമായിരുന്നു ഇറാന്റെ ആക്രമണം. ദൃശ്യങ്ങളും ഹല്‍വാഷ് പുറത്തുവിട്ടിട്ടുണ്ട്.
അഫ്ഗാന് താലിബാന് പിടിച്ചെടുത്തതിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യം വിട്ടോടിയത്. ഇറാനും പാകിസ്ഥാനുമാണ് ഇവരുടെ പ്രധാന അഭയകേന്ദ്രം. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് അഫ്ഗാനികളെ പാകിസ്ഥാന് തിരിച്ചയച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 4.5 ദശലക്ഷം അഫ്ഗാന് അഭയാര്‍ത്ഥികള്‍ ഇറാനിലുണ്ട്. അടുത്ത ആറ് മാസത്തിനിടയില്‍ ഇരുപത് ലക്ഷം പേരെ തിരിച്ചയക്കുമെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: