കൊല്ലം: പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍മാണ അനുമതി നല്കുന്നത് സംബന്ധിച്ച് നടക്കുന്ന അഴിമതിയില്‍ പങ്കാളികളാവുന്നത് ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ ഭരണകൂടങ്ങള്‍ വരെ. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി എന്‍ഒസി നല്കാന്‍ എഡിഎം അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ പണവും ഭീഷണിയും ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണ്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കഥകള്‍ ചര്‍ച്ചയാകുന്നത്. സ്വകാര്യ എണ്ണക്കമ്പനികളുടെ നാല്പതോളം പെട്രോള്‍ പമ്പുകള്‍ക്ക് കൊല്ലം കളക്ടറേറ്റില്‍ നിന്ന് മാത്രം രണ്ടു വര്‍ഷത്തിനിടെ നിയമവിരുദ്ധമായി നിര്‍മാണ അനുമതി നല്കിയതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുടെയും പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള നിരവധി ഓഫീസുകളുടെ അനുമതിപത്രം ലഭിച്ചതിന് ശേഷമാണ് കളക്ടര്‍ അനുമതി നല്‌കേണ്ടത്. ഭരണകക്ഷിയില്‍പ്പെട്ട സര്‍വീസ് സംഘടനയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. നിയമവിരുദ്ധമായി സമ്മതപത്രം (എന്‍ഒസി) നല്കുമ്പോള്‍ ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥസംഘം കോഴയായി വാങ്ങുന്നത്. ഇതില്‍ നല്ലൊരുപങ്ക് ചെന്നെത്തുന്നത് ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധി മുതല്‍ ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളുടെ കീശയിലാണ്.
പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍മാണ അനുമതി നല്കുമ്പോള്‍ നിലവിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊതുജന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ നിയമങ്ങളും ലംഘിക്കുകയാണ്. പുതിയ പമ്പുകള്‍ക്ക് നിലവില്‍ അനുമതി നല്‌കേണ്ടത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ട് വേണം എന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നിലപാട്. ഇതിന്റെ മറവിലാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിജ്ഞാപനമിറക്കി അപേക്ഷ സ്വീകരിച്ച് നിയമങ്ങളും നിബന്ധനകളും പാലിച്ച് മാത്രമാണ് കൂടിക്കാഴ്ച നടത്തി വിതരണക്കാരെ കണ്ടെത്തുന്നത്. ഒന്നിലധികം അപേക്ഷകര്‍ ഒരേ നിലവാരത്തില്‍ വന്നാല്‍ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളാകട്ടെ വിജ്ഞാപനവും കൂടിക്കാഴ്ചയും നടത്താതെ സ്വന്തമായി സ്ഥലവും രണ്ട് കോടിയോളം രൂപ മുടക്കാന്‍ തയാറുള്ള ആര്‍ക്കും പെട്രോള്‍ പമ്പ് അനുവദിച്ചു നല്കും.
കേരളത്തില്‍ നിലവില്‍ 2500 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 80 ശതമാനം പമ്പുകളും മതിയായ കച്ചവടമില്ലാതെ നഷ്ടത്തിലാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള പെട്രോള്‍ പമ്പുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുന്‍കൈ എടുത്ത് ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ നേതാക്കളും അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുണ്ടാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്ന് അറിയിച്ചു. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ സ്വാധീനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചില ഉന്നത നേതാക്കള്‍ ഇടപെട്ട് ആ തീരുമാനവും അട്ടിമറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: