ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്ന പൗരത്വ നിയമത്തിലെ 6എ വകുപ്പ് 1971 മാര്‍ച്ച് 25ന് ശേഷം എത്തിയവര്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.
1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 25നും ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്നതാണ് 6എ. ഇത് സാധുതയുള്ളതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല വിയോജിപ്പ് രേഖപ്പെടുത്തി.
1985ല്‍ ആസാം ഉടമ്പടിയുടെ തുടര്‍ച്ചയായാണ് ഒരു ഭേദഗതിയിലൂടെ 6 എ പൗരത്വ നിയമത്തിന്റെ ഭാഗമാക്കിയത്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷിക നടപടിയെന്ന നിലയിലാണ് സെക്ഷന്‍ 6എ നടപ്പാക്കിയതെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ഡിസംബര്‍ 17നാണ് ആസാമിലെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. 2017 ഏപ്രില്‍ 19നാണ് കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി ബെഞ്ച് രൂപീകരിച്ചത്.
അനധികൃത കുടിയേറ്റം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 2017നും 2022നും ഇടയില്‍ 14,346 വിദേശ പൗരന്മാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും 1966 ജനുവരി മുതല്‍ 1971 മാര്‍ച്ച് വരെ ആസാമിലെത്തിയ 17,861 കുടിയേറ്റക്കാര്‍ക്ക് ഈ വ്യവസ്ഥ പ്രകാരം പൗരത്വം നല്കിയതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ (2) പ്രകാരം ഭാരതപൗരത്വം നല്കിയ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചും അനധികൃത കുടിയേറ്റം തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങള്‍ നല്കാന്‍ ഡിസംബര്‍ ഏഴിന് സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
1985ല്‍, ഭാരത സര്‍ക്കാരും ഓള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയനും (എഎഎസ്യു) ഓള്‍ ആസാം ഗണ സംഗ്രാം പരിഷത്തും (എഎജിഎസ്പി) തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആസാം ഉടമ്പടി തയാറായത്. 1971 മാര്‍ച്ച് 26ന് പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വേര്‍പിരിഞ്ഞതിന് ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെതിരെ പ്രക്ഷോഭം നടത്തിയ സംഘടനകളാണ് എഎഎസ്‌യു, എഎജിഎസ്പി എന്നിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക