തൃശ്ശൂര്‍: ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ വേണ്ടി കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കാനും അവഹേളിക്കാനും മത്സരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
തൃശ്ശൂര്‍ പൂരത്തിന് നേരെ ഉണ്ടായ അതിക്രമം പൂരം തകര്‍ക്കുക എന്നത് മാത്രമല്ല ലക്ഷ്യമാക്കിയത്, ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരിക്കും തൃശ്ശൂര്‍ പൂരത്തിനും എതിരായ നിയമസഭയിലെ സത്യവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. ആര്‍എസ്എസിനും വത്സന് തില്ലങ്കേരിക്കുമെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമസഭ രേഖയില്‍ നിന്ന് നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മലപ്പുറത്ത് നടക്കുന്ന ഹവാല ഇടപാടില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പൂരം വിവാദം പൊക്കിക്കൊണ്ടുവന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്. വി. ബാബു പറഞ്ഞു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ വിഷയങ്ങളില്‍ എന്നും സമര രംഗത്തുള്ള സംഘടനകളെയും നേതാക്കന്മാരെയും തകര്‍ക്കാനുള്ള ശ്രമമാണ് രാഷ്ട്രീയകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ആര്‍എസ്എസിനും തില്ലങ്കേരിക്കുംമെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍.
കേരളത്തിലെ ഉയര്‍ന്നുവരുന്ന ഹൈന്ദവ മുന്നേറ്റത്തെ സര്‍ക്കാരും മുന്നണികളും ഭയക്കുന്നു എന്നതിനുള്ള തെളിവാണ് ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിടുക്കത്തിലുള്ള പ്രതികരണങ്ങളെന്നും ബാബു പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. മുരളീധരന് അധ്യക്ഷനായിരുന്നു. പി. സുധാകരന്, പ്രസാദ് കാക്കശ്ശേരി, പ്രദീപ്കുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: