ന്യൂദല്‍ഹി: കാനഡയിലുള്ള ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ പെട്ടവര്‍ക്കെതിരെ ഭാരതം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഭാരതം മുന്നോട്ടുവെച്ച പ്രധാന ആശങ്കകളില്‍ അവര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇപ്പോള്‍ കാനഡ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ട്. കുറ്റവാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള 26 അഭ്യര്‍ത്ഥനകള്‍ കാനഡയോട് നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ അഭ്യര്‍ത്ഥനകളെല്ലാം കെട്ടിക്കിടക്കുകയാണ്. ലോറന്‍സ് ബിഷ്ണോയ് സംഘത്തിപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള രേഖകളും കൈമാറിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഭാരത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒന്നും കാനഡ ഇതുവരെ ഭാരതവുമായി പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രജ്ഞര്‍ക്കെതിരായ തെറ്റായ ആരോപണങ്ങള്‍ ഭാരതം തള്ളുകയാണെന്നും ജയ്സ്വാള്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: