കൊച്ചി: കുട്ടികളുടെ മുന്നില്‍ നഗ്നത കാട്ടുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലൈംഗികാതിക്രമ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ പോക്സോ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവൃത്തികളാണ്. പ്രതി വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
അമ്മയുമായി ലൈംഗിക ബന്ധം നടത്തുന്നത് കണ്ട് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച കേസിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ മുന്നില്‍ ഹര്‍ജിയെത്തിയത്.
ലോഡ്ജില്‍ മുറിയുടെ വാതില്‍ കുറ്റിയിടാതെ പ്രതി കുട്ടിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി വാതില്‍ തുറന്നെത്തിയ കുട്ടി രംഗം കണ്ടത്.പിന്നാലെ കുട്ടി ബഹളമുണ്ടാക്കിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ പോക്സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു ഹര്ജിക്കാരന് വാദിച്ചത്. എന്നാല്‍ ഒരാള്‍ കുട്ടിക്ക് മുന്നില്‍ സ്വന്തം നഗ്നശരീരം പ്രദര്‍ശിപ്പിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചത്.
കേസിനാധാരമായ സംഭവത്തില്‍ ഹര്ജിക്കാരന് നഗ്നനാവുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ പൂട്ടാതിരുന്നതിനാല്‍ കുട്ടി അകത്തേക്ക് കയറുകയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ നിലനില്ക്കും. കുട്ടിയെ ഹര്ജിക്കാരന് മര്‍ദ്ദിച്ചെന്ന പരാതിയുളളതിനാല്‍ ക്രിമിനല്‍ നിയമപ്രകാരമുള്ള വകുപ്പുകളും നിലനില്ക്കും. അതേസമയം ജുവനൈല്‍ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളില്‍ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന വകുപ്പുകള്‍ കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: