ന്യൂദൽഹി: ജമ്മുകശ്മീർ മുഖ്യമന്ത്രിയായി അധികാരമേറ്റ ഒമർ അബ്ദുള്ളയോട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ഒമർ അബ്ദുള്ളയെ അഭിനന്ദിച്ച വേളയിലാണ് അദ്ദേഹം കടമകൾ നിർവഹിക്കുന്നതിനെപ്പറ്റി ഉപദേശം നൽകിയത്.
പ്രതിവർഷം 12 സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, യുവാക്കൾക്ക് തൊഴിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ശീതകാല പവർകട്ട് ഇപ്പോൾ തന്നെ നടക്കുന്നുണ്ടെന്നും ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചുഗ് ഊന്നിപ്പറഞ്ഞു. കൂടാതെ കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന തന്റെ വാഗ്ദാനം നിറവേറ്റാൻ ചുഗ് ഒമർ അബ്ദുള്ളയോട് ആവശ്യപ്പെട്ടു.
ഇതിനു പുറമെ താഴ്‌വരയിൽ സമാധാനം കൊണ്ടുവരാൻ കഴിഞ്ഞ 12 വർഷത്തിനിടെ ജീവൻ ബലിയർപ്പിച്ച 34 ബിജെപി പ്രവർത്തകർക്കും ചുഗ് ആദരാഞ്ജലി അർപ്പിച്ചു. കൂടാതെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവർത്തകർക്ക് നേരെയുള്ള ഭീഷണികളും ആക്രമണങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പാർട്ടി പ്രവർത്തകർക്കെതിരായ ഏതെങ്കിലും അക്രമമോ ഭീഷണിയോ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം ഉറച്ചു പറഞ്ഞു. ഭീകരവാദമോ ഏതെങ്കിലും തരത്തിലുള്ള അശാന്തിയോ ഈ മേഖലയിലേക്ക് തിരിച്ചുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീർ കൈവരിച്ച പുരോഗതിയെക്കുറിച്ചും മോദിയുടെ നേതൃത്വത്തിൽ സമാധാനം പുനഃസ്ഥാപിച്ചതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമാധാനം തകർക്കാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. മോദിയുടെ നല്ല സ്വാധീനത്തിന്റെയും മേഖലയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ സ്വീകാര്യതയുടെയും മികവ് വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് എന്നും ചുഗ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: