കണ്ണൂര്‍ : ‘നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയിരുന്നോ? ‘വിളിക്കാത്ത യോഗത്തില്‍ വലിഞ്ഞു കയറി വന്നു തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ ദുഷിച്ച വാക്കുകള്‍ കൊണ്ട് വലിച്ചു കീറിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ‘വിനീത വിധേയന്‌റ വിഡ്ഢിവേഷം’ അണിഞ്ഞ് ഇരുന്ന കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം കനക്കുകയാണ്.
സഹപ്രവര്‍ത്തകനായ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധിക്ഷേപവാക്കുകളാണെന്ന് മറ്റാരെക്കാളും തൊട്ടടുത്തിരുന്ന ജില്ലാ കളക്ടര്‍ക്ക് മനസ്സിലായിട്ടുണ്ടാകണം. ദിവ്യയുടെ അധിക്ഷേപത്തിനിടെയുള്ള കളക്ടറുടെ മുഖഭാവങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ടുതാനും. എന്നിട്ടും താങ്കള്‍ വരേണ്ട വേദിയല്ല ഇതെന്നും ഇത്തരം കാര്യങ്ങള്‍ ഇവിടെ പറയുന്നത് അനുചിതമാണെന്നും സൂചിപ്പിക്കാന്‍ പോലും കളക്ടര്‍ തയ്യാറായില്ല. പ്രോട്ടോക്കോളില്‍ ജില്ലാ കളക്ടര്‍ക്ക് മുകളിലാണ് ജനപ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എങ്കില്‍ പോലും അധികാരമില്ലാത്ത ഒരിടത്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വലിഞ്ഞു കേറി വന്നത് എന്നുള്ള ബോധ്യം ജില്ലാ മജിസ്‌ട്രേറ്റ് ആയ കളക്ടര്‍ക്ക് ഉണ്ടായില്ല .ഇതാണ് ജനരോഷം വര്‍ദ്ധിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ കമന്റ് ബോക്‌സ് പൂട്ടിയിട്ട ശേഷം കളക്ടര്‍ കണ്ണൂര്‍ എന്ന അക്കൗണ്ടില്‍ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കളക്ടറുടെ പഴയ പോസ്റ്റുകള്‍ക്ക് താഴെയാണ് ആളുകള്‍ രോഷം പ്രകടിപ്പിക്കുന്നത്. ‘താങ്കളുടെ സാന്നിധ്യത്തില്‍ സഹപ്രവര്‍ത്തകരെനെ അപമാനിച്ചു വിടുമ്പോള്‍ കണ്ടിരുന്നു.’ ‘വിളിക്കാതെ ഒരാള്‍ കയറി വന്നപ്പോള്‍ സാറൊന്നു വിലക്കാമായിരുന്നില്ലേ, ‘പിന്തുണച്ച് രണ്ടു വാക്കെങ്കിലും വേദിയില്‍ പറയണമായിരുന്നു ‘എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്‌സ് നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: