കാഞ്ഞാണി : കേരളത്തിന്റെ തനതു കലയായ ഓട്ടന്‍തുള്ളലിന് സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാലയുടെ അംഗീകാരം. തൃശൂര്‍ സ്വദേശി മണലൂര്‍ ഗോപിനാഥിന്റെ ‘ തുള്ളല്‍ക്കലയിലെ സാധ്യതകള്‍’ എന്ന പ്രബന്ധം അംഗീകരിച്ച സര്‍വകലാശാല ഗ്രീസിലെ ആഥന്‍സില്‍ നടക്കുന്ന വേള്‍ഡ് അലയന്‍സ് ഓഫ് ആര്‍ട്സ് ഉച്ചകോടിയില്‍ ഇത്തവണ ഓട്ടന്തുള്ളല് കലാരൂപത്തെ പരിചയപ്പെടുത്തും.
മൂന്നര പതിറ്റാണ്ടായി ഓട്ടന്തുള്ളല് കലാകാരനായ റിട്ട. എസ് ഐ കൂടിയായ മണലൂര്‍ ഗോപിനാഥ് ഓട്ടന്‍തുള്ളലിനെ കുറിച്ച് കഴിഞ്ഞ മാസം 2 ന് സ്കോട്ട്ലാന്‍ഡിലെ ഗഌസ്ഗോ സര്‍വകലാശാലയില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സെനറ്റ് മെമ്പര്‍മാരുടെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഓട്ടന്തുള്ളലും അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ഓട്ടന്‍തുള്ളലിനെ സ്വീകരിക്കുന്നതായി അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റും നല്കി.
തുടര്‍ന്ന് ഇന്ന് ഗ്രീസിലെ ആഥന്‍സില്‍ നടക്കുന്ന വേള്‍ഡ് അലയന്‍സ് ഓഫ് ആര്‍ട്സ് ഉച്ചകോടിയില്‍ കേരളത്തിന്റെ വിശിഷ്ട കലാരൂപമായ ഓട്ടന്തുള്ളല് ദൃശ്യാവിഷ്കാരങ്ങള്‍ അടങ്ങുന്ന പ്രബന്ധമായി അവതരിപ്പിക്കാന്‍ പോകുന്നത് സ്കോട്ട്ലാന്‍ഡിലെ ഗഌസ്ഗോ യൂണിവേഴ്സിറ്റിയാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഓട്ടന്തുള്ളല് കലാരൂപം വരുംതലമുറക്ക് കൂടി തനത് പ്രൗഢിയോടെ അഭ്യസിപ്പിക്കാന്‍ തന്റെ വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന വ്യക്തിയാണ് മണലൂര്‍ ഗോപിനാഥ്.
ഓട്ടംതുള്ളലിനെ പുറം രാജ്യങ്ങളിലെ ജനതയ്ക്ക് മുന്‍പിലും പരിചയപ്പെടുത്താന്‍ മണലൂര്‍ ഗോപിനാഥിന് കഴിഞ്ഞെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ബി.അനന്തകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: