പത്തനംതിട്ട: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം, മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബുവിന്റെ (55)സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ ഉച്ചയോടെ പത്തനംതിട്ടയിലെ സ്വകാര്യ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനവും അന്തിമോപചാര ചടങ്ങുകളും പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നോടെ സംസ്കാരം നടത്തും.
കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ. വിജയന്, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന് എന്നിവര്‍ മൃതദേഹ വാഹനത്തെ അനുഗമിച്ച് പത്തനംതിട്ടയില്‍ എത്തിയിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം കളക്ടര്‍ കണ്ണൂരിലേക്ക് മടങ്ങി. മൃതദേഹം കാണാന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ ഒട്ടേറെ പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും എത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ,് ആന്റോ ആന്റണി എം.പി തുടങ്ങിയ പ്രമുഖര്‍ മോര്‍ച്ചറിയിലേക്കു മൃതദേഹം മാറ്റുമ്പോള്‍ ഉപചാരമര്‍പ്പിച്ചു.
കണ്ണൂരില്‍ നിന്നു പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റപ്പെട്ട നവീന്‍ ബാബുവിന്റെ മരണത്തിനു കാരണം തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണെന്നാണ് പരാതി. നവീന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണ് നടന്നത്. റവന്യു ജീവനക്കാര്‍ ഇന്നലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചപ്പോള്‍ മലയാലപ്പുഴ പഞ്ചായത്തില്‍ ബിജെപി ആഹ്വാനത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. കടകളും സ്ഥാപനങ്ങളും അടച്ചിട്ട് ജനങ്ങള്‍ ഹര്‍ത്താലിന് പൂര്‍ണപിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: