രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിവര്‍ത്തന സംരംഭമാണ് പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി. വികസിത ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഗതിവേഗം വര്‍ധിപ്പിക്കുന്ന ഈ പദ്ധതി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിരിക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള ഗതിശക്തി സംരംഭത്തിന് കീഴില്‍ ഇതുവരെ 15.39 ലക്ഷം കോടിയുടെ 208 വലിയ അടിസ്ഥാന വികസന പദ്ധതികളാണ് നടക്കുന്നത്. ബഹുതല ഗതാഗത സൗകര്യം ഗണ്യമായി വര്‍ധിപ്പിച്ച്, വേഗത്തിലും കാര്യക്ഷമതയോടെയും വികസനം എത്തിക്കാന്‍ ഇത് സഹായിക്കും. പുരോഗതിയെയും സംരംഭകത്വത്തെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കും.
റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പൊതുഗതാഗതം, ജലപാതകള്‍, ചരക്ക് നീക്ക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് എന്‍ജിനുകളാണ് പിഎം ഗതിശക്തിയെ മുന്നോട്ട് നയിക്കുന്നത്. ലോകോത്തര ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പരിവര്‍ത്തനം, തടസ്സമില്ലാത്ത ബഹുമുഖ ഗതാഗത സംവിധാനം, ചരക്ക് നീക്ക കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ ഏഴ് എന്‍ജിനുകള്‍. ആസൂത്രണം, ധനസഹായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിലുള്ള നിര്‍വ്വഹണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗതിശക്തി സംരംഭം മുന്നോട്ടുപോകുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ വികസനത്തിന്റെ ‘ഗതിശക്തി’ക്കു നിദാനമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നു എന്നാണ് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം തെളിയിക്കുന്നത്. അടിസ്ഥാനസൗകര്യ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയ്ക്കു ഗതിശക്തി പുതിയ ദിശാബോധം നല്കി. ദേശീയ ആസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഇപ്പോള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നു. ഇതു പദ്ധതികളുടെ സമയവും ചെലവും ലാഭിച്ചു. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ പങ്കാളികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രശ്നമായിരുന്നു. ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കു വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് ഇതിനു കാരണം. അതു പരിഹരിക്കാനായി എന്നതാണ് ഗതിശക്തി സംരംഭത്തിന്റെ മറ്റൊരു മേന്മ. ഇപ്പോള്‍ എല്ലാവര്ക്കും പൂര്ണവിവരങ്ങളോടെ അവരുടെ പദ്ധതി തയ്യാറാക്കാന്‍ കഴിയും. ഇതു രാജ്യത്തെ വിഭവങ്ങള്‍ പരമാവധി വിനിയോഗിക്കുന്നതിലേക്കും നയിക്കും.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വേഗതയില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതിനും കഴിയും. ഫലപ്രദമായ ആസൂത്രണവും നിര്‍വഹണവും, ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങള്‍ സഹിതം തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ പരിപൂര്‍ണത, ആദ്യാവസനാം വരെയുമുള്ള സമ്പര്‍ക്കസൗകര്യം, നിലവിലുള്ള പദ്ധതികളുടെയും പരിപാടികളുടെയും ഫലപ്രദമായ നടപ്പാക്കല്‍ എന്നിവ ആത്യന്തികമായി സമഗ്രമായ വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും കാരണമാകുമെന്ന പ്രതീക്ഷ പുവണിയുന്നതാണ് മൂന്നു വര്‍ഷത്തെ ‘ഗതിശക്തി’ തെളിയിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതില്‍ ഭാരതം ഇന്ന് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച് കാര്യക്ഷമവും സുതാര്യവും ഫലപ്രാപ്തിയുമുള്ള സംവിധാനം സൃഷ്ടിക്കാന്‍ ഭാരതത്തിനായി. ഭാരതത്തിന്റെ അഭിമാന പദ്ധതി ആഗോളതലത്തിലേക്ക് ഉയര്‍ന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മഡഗാസ്കര്‍, സെനഗല്‍, ഗാംബിയ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സമാന പദ്ധതികള്‍ നടപ്പാക്കാന്‍ ഭാരതത്തിന്റെ പിന്തുണ തേടി.
പുരോഗതിയെയും സംരംഭകത്വത്തെയും നവീകരണത്തെയും പ്രോത്സാഹിപ്പിച്ച് കുതിക്കുന്ന പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഭാരതത്തിന്റെ പരമവൈഭവത്തിലേക്കുള്ള യാത്രയില്‍ പ്രധാന ഘടകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: