ന്യൂദൽഹി: നാല് വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരനെ പിടികൂടി പോലീസ്. 11-ാം ക്ലാസിൽ പഠിപ്പ് നിർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പ്രതി. ഛത്തീസ്ഗഡാണ് ഇയാളുടെ സ്വദേശമെന്ന് പോലീസ് പറഞ്ഞു.
സോഷ്യൽമീഡിയയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ബോംബ് ഭീഷണി ഉയർത്തിയത് സുഹൃത്തിന് പണി കൊടുക്കാനാണെന്നാണ് പ്രതിയുടെ വിശദീകരണം. പണമിടപാടുമായി ബന്ധപ്പെട്ട് സുഹൃത്തുമായി വഴക്കിട്ട ആൺകുട്ടി സുഹൃത്തിനോട് പ്രതികാരം തീർക്കാനായിരുന്നു വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്.
സുഹൃത്തിന്റെ പേരിൽ എക്സിൽ അക്കൗണ്ട് സൃഷ്ടിച്ച് അതുവഴി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തുകയായിരുന്നു. ഒക്ടോബർ 14ന് നാല് സർവീസുകൾക്കെതിരെ ആയിരുന്നു പ്രതി ഭീഷണി ഉയർത്തിയത്.
ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, മസ്കത്തിലേക്കും ജിദ്ദയിലേക്കും പോകേണ്ട ഇൻഡിഗോ വിമാനം എന്നിവയെല്ലാം വ്യാജ ഭീഷണിയെ തുടർന്ന് ഐസോലേഷനിൽ ആവുകയും പരിശോധന കാരണം മണിക്കൂറുകളോളം സർവീസ് വൈകുകയും ചെയ്തിരുന്നു.
സമാന്തരമായി പോലീസ് നടത്തിയ അന്വേഷണമാണ് ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിലേക്ക് എത്തിച്ചത്. തുടർന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഡസൻ കണക്കിന് ഫ്ലൈറ്റുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയരുന്നത്.
വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നവയും ആഭ്യന്തര സർവീസുകൾ നടത്തുന്നവയും ഭീഷണി നേരിടുന്നുണ്ട്. ഇതുവരെ ലഭിച്ച ബോംബ് ഭീഷണികളെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്തു.
അതേ സമയം വ്യാജഭീഷണി ഉയർത്തുന്നവരെ ‘നോ ഫ്ലൈയേഴ്സ്’ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി മുന്നോട്ടുവയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: